
സ്വന്തം തട്ടകത്തില്‍ മിന്നും വിജയം ; ഐപിഎൽ 17ാം സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സിന് നാല് വിക്കറ്റ് ജയം
സ്വന്തം ലേഖകൻ
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്സിന് ഗംഭീര ജയം. സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിനാണ് പഞ്ചാബ് തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 9 വിക്കറ്റിന് 174 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് നാല് വിക്കറ്റും നാല് പന്തും ബാക്കിയാക്കിയാണ് വിജയം നേടിയത്.
സാം കറെന്റെ (63) അര്‍ധ സെഞ്ച്വറിയാണ് പഞ്ചാബിന് കരുത്തായത്. ലിയാം ലിവിങ്സ്റ്റണ് പുറത്താവാതെ 38 റണ്‍സും നേടി. മോശം ഫീല്‍ഡിങ്ങും ഇഷാന്ത് ശര്‍മയുടെ പരിക്കുമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.
ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകന് ശിഖര്‍ ധവാന് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഡല്‍ഹി പ്ലേയിങ് 11ല്‍ പൃഥ്വ ഷാ ഇല്ലായിരുന്നു.
ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്നാണ് ഡല്‍ഹി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. തുടക്കത്തിലേ മിച്ചല്‍ മാര്‍ഷ് തല്ലിത്തകര്‍ത്തു. 12 പന്തില്‍ 2 വീതം സിക്സും ഫോറുമടക്കം 20 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ്ങാണ് ഡല്‍ഹിക്ക് ആദ്യ പ്രഹരം നല്‍കിയത്.
പതിയെ ഫോമിലേക്കെത്തിയ ഡേവിഡ് വാര്‍ണര്‍ 21 പന്തില്‍ 3 ഫോറും 2 സിക്സുമാണ് പറത്തിയത്. 29 റണ്‍സോടെ വലിയ സ്കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച താരത്തെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി. മോശം പന്തില്‍ അനാവശ്യ ഷോട്ട് കളിച്ചാണ് വാര്‍ണര്‍ പുറത്തായത്.
ലെഗ് സൈഡിലെത്തിയ പന്ത് വാര്‍ണറുടെ ഗ്ലൗസിലുരസി വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ കൈയിലെത്തുകയായിരുന്നു. അംപയര്‍ അനുവദിക്കാതിരുന്ന വിക്കറ്റ് റിവ്യൂവിലൂടെയാണ് പഞ്ചാബ് നേടിയെടുത്തത്.
പതിയെ തുടങ്ങി നിലയുറപ്പിച്ച ഷായ് ഹോപ് പിന്നീട് വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 25 പന്ത് നേരിട്ട് 2 വീതം ഫോറും സിക്സും ഉള്‍പ്പെടെ 33 റണ്‍സാണ് ഹോപ് നേടിയത്. കഗിസോ റബാഡയുടെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കിയാണ് ഹോപിന്റെ മടക്കം.
റിഷഭ് പന്തിന്റെ മടങ്ങിവരവിനെ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. 4 റണ്‍സില്‍ നില്‍ക്കവെ രാഹുല്‍ ചഹാറിന്റെ പന്തില്‍ റിഷഭ് അവസരം നല്‍കിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ ക്യാച്ച് അവസരം പാഴാക്കി.
എന്നാല്‍ ഇത് മുതലാക്കാന്‍ റിഷഭിനായില്ല. 13 പന്തില്‍ 18 റണ്‍സ് നേടിയാണ് റിഷഭ് പുറത്തായത്. രണ്ട് ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. വലിയ സ്കോര്‍ നേടാനായില്ലെങ്കിലും പ്രതീക്ഷ നല്കുന്ന പ്രകടനത്തോടെ കൈയടി നേടാന്‍ റിഷഭിനായി.
വൈകാതെ ഇന്ത്യന്‍ ടീമിലേക്കും അദ്ദേഹം തിരിച്ചുവരവ് നടത്തിയേക്കും. എന്നാല്‍ വലിയ സ്കോര്‍ നേടാന്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കുമായില്ല. റിക്കി ബുയിയെ (3) ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കി. വമ്ബനടിക്കാരനെന്ന് പേരെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്സിനെ (5) രാഹുല്‍ ചഹാര്‍ മടക്കി.
അക്ഷര്‍ പട്ടേല്‍ ഒരു വശത്ത് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 13 പന്തില്‍ 2 ഫോറും 1 സിക്സുമടക്കം 21 റണ്‍സ് നേടിയ അക്ഷര്‍ റണ്ണൗട്ടായത് ഡല്‍ഹിക്ക് തിരിച്ചടിയായി. അഭിഷേക് പോറലിനെ ഡല്‍ഹി ഇംപാക്ട് പ്ലയറായി ഇറക്കി.
ഇത് നിര്‍ണ്ണായകമായി മാറി. 10 പന്ത് നേരിട്ട് 4 ഫോറും 2 സിക്സുമടക്കം പുറത്താവാതെ 32 റണ്‍സാണ് പോറല്‍ നേടിയത്. ഇതോടെ 9 വിക്കറ്റിന് 174 എന്ന മികച്ച സ്കോറിലേക്കെത്താന്‍ ഡല്‍ഹിക്കായി. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സാണ് പോറല്‍ അടിച്ചെടുത്തത്.
175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 34 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടീമിന് ലഭിച്ചത്. 16 പന്തില്‍ 4 ബൗണ്ടറി ഉള്‍പ്പെടെ 22 റണ്‍സ് നേടിയ ശിഖര്‍ ധവാനെ ക്ലീന്‍ബൗള്‍ഡാക്കി ഇഷാന്ത് ശര്‍മയാണ് കൂട്ടുകെട്ട് പൊളിച്ചത്.
സ്കോര്‍ബോര്‍ഡ് 42ല്‍ നില്‍ക്കവെ ജോണി ബെയര്‍സ്റ്റോ (3 പന്തില്‍ 9) റണ്ണൗട്ടായി. പ്രഭ്സിംറാന് സിങ്ങിന്റെ ഷോട്ട് ഇഷാന്തിന്റെ കൈയില്‍ തട്ടി നോണ്‍സ്ട്രൈക്കിലെ സ്റ്റംപില്‍ തട്ടി.
ആ സമയം ജോണി ബെയര്‍സ്റ്റോ ക്രീസിന് പുറത്തായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്ബോള്‍ 2 വിക്കറ്റിന് 60 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. ഒരു വശത്ത് പ്രഭ്സിംറാന് സിങ് കസറി.
17 പന്തില്‍ 26 റണ്‍സാണ് പ്രഭ്സിംറാന് നേടിയത്. അഞ്ച് ബൗണ്ടറി നേടിയ താരത്തെ കുല്‍ദീപ് യാദവ് ഡേവിഡ് വാര്‍ണറുടെ കൈയിലെത്തിച്ചു. അപകടകാരിയായ ജിതേഷ് ശര്‍മയെ (9) കുല്‍ദീപ് യാദവ് പുറത്താക്കി. റിഷഭ് പന്തിന്റെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലായിരുന്നു ജിതേഷിന്റെ മടക്കം.
ഒരുവശത്ത് സാം കറെന് തല്ലിത്തകര്‍ത്തു. താരത്തിന്റെ ക്യാച്ച് ട്രിസ്റ്റന്‍ സ്റ്റബ്സ് വിട്ടുകളഞ്ഞത് തിരിച്ചടിയായി. 47 പന്തില്‍ 6 ഫോറും 1 സിക്സും ഉള്‍പ്പെടെ 63 റണ്‍സ് നേടിയ കറെനെ ഖലീല്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ പഞ്ചാബ് വിജയം ഉറപ്പിച്ചിരുന്നു. തൊട്ടടുത്ത പന്തില്‍ ശശാങ്ക് സിങ്ങിനെ ഖലീല്‍ ഗോള്‍ഡന്‍ ഡെക്കാക്കി. ഷോര്‍ട്ട് ബോളില്‍ സിക്സറിന് ശ്രമിച്ച താരം റിഷഭിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.
പ്ലേയിങ് 11: പഞ്ചാബ് കിങ്സ്- ശിഖര്‍ ധവാന് (c), ജോണി ബെയര്‍സ്റ്റോ, സാം കറെന്, ലിയാം ലിവിങ്സ്റ്റണ്, ജിതേഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിങ്, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്ദീപ് സിങ്
ഡല്‍ഹി ക്യാപിറ്റല്‍സ്- മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ഷായ് ഹോപ്, റിഷഭ് പന്ത് (c), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്ഷര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]