
ലിങ്ക്ഡ്ഇന്നിന് എതിരാളിയെ ഒരുക്കാനുള്ള ശ്രമത്തിലാണ് എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. തൊഴിലന്വേഷണത്തിനുള്ള സൗകര്യമാണ് കമ്പനി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. ലിങ്ക്ഡ്ഇൻ എന്ന പ്രൊഫഷണൽ നെറ്റ് വർക്ക് വെബ്സൈറ്റുമായുള്ള മത്സരത്തിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്.
വെബ് ഡെവലറായ നിവ ഔജിയാണ് എക്സിലെ പുതിയ ഫീച്ചറിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഈ ഫീച്ചർ തൊഴിലന്വേഷകർക്ക് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തൽ.തങ്ങളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ സെർച്ച് റിസൽട്ട് ഫിൽട്ടർ ചെയ്യാനുമാകും. പ്രത്യേകം കമ്പനികളിൽ നിന്നുള്ള തൊഴിലവസരങ്ങളും തിരയാനാവും. ഈ സൗകര്യങ്ങൾ ലിങ്ക്ഡ്ഇന്നിൽ ലഭ്യമാണ്. എക്സ് ക്രിയേറ്ററായ ഡോജ് ഡിസൈറും വൈകാതെ എലോൺ മസ്കും ഈ പോസ്റ്റ് പങ്കുവെച്ചു.
10 ലക്ഷം കമ്പനികളാണ് എക്സിൽ ഉദ്യോഗാർഥികളെ തേടുന്നതെന്ന് കഴിഞ്ഞ മാസം എക്സ് വെളിപ്പെടുത്തിയിരുന്നു. ഇതിനകം പത്ത് ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ എക്സിൽ പങ്കുവെച്ചു കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികൾ ഉദ്യോഗാർഥികളെ ഈ പ്ലാറ്റ്ഫോമിൽ തേടുന്നുണ്ട്. തൊഴിലന്വേഷണത്തിനുള്ള സൗകര്യത്തിന് പുറമെ ഒട്ടേറെ മറ്റ് ഫീച്ചറുകളും മസ്ക് എക്സിൽ അവതരിപ്പിച്ചിട്ടുണ്ട്.
അടുത്തിടെ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ മസ്ക് പ്ലാനിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയാണ് മസ്കിനുള്ളത്. സാംസങ്, ആമസോൺ സ്മാർട്ട് ടിവി എന്നിവയിലാണ് എക്സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്സിന് പദ്ധതിയുണ്ടെന്നാണ് ഇതിൽ പറയുന്നത്.
വീഡിയോ സ്ട്രീമിങ് രംഗത്തേക്ക് എക്സ് വരാനൊരുങ്ങുന്നു എന്നത് പുതുമയുള്ള കാര്യമല്ല. മുൻപും മസ്ക് ഇത്തരത്തിലുള്ള സൂചനകൾ നല്കിയിട്ടുണ്ട്. 2023 ൽ ദൈർഘ്യമേറിയ വീഡിയോകൾ കാണാൻ ട്വിറ്ററിന്റെ ടിവി ആപ്പ് വേണം എന്ന് ഒരു ഉപഭോക്താവ് ആവശ്യപ്പെട്ടിരുന്നു, ഇതിന് മറുപടിയായി ‘അത് താമസിയാതെ വരും’ എന്നാണ് മസ്ക് മറുപടി നൽകിയത്.
Last Updated Mar 23, 2024, 2:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]