
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകത്തിലെ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടക്കൊലപാതകം നടത്തിയശേഷം എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് എഴുമണിയോടെയാണ് പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണ് തലസ്ഥാനത്ത് അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു.
എലി വിഷം കഴിച്ചെന്ന് പറഞ്ഞതിനാലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയുടെ അനുജനെയും പിതാവിന്റെ മാതാവിനെയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമടക്കം അഞ്ചുപേരെയാണ് 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.
പാങ്ങോട്ടെ വീട്ടിൽ വെച്ച് പ്രതിയുടെ പിതാവിന്റെ ഉമ്മ സൽമാബീവിയെയും വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ വെച്ച് പ്രതിയുടെ പെണ്‍സുഹൃത്ത് ഫര്‍സാനയെയും അനുജൻ ഒമ്പതാം ക്ലാസുകാരനായ അഹസാനെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇവിടെ വെച്ചാണ് പ്രതിയുടെ മാതാവ് ഷെമിക്ക് വെട്ടേറ്റത്. ഇവര്‍ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഷെമിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം കൂനൻവേങ്ങ ആലമുക്കിലെ വീട്ടിൽ വെച്ച് പ്രതിയുടെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി.
കാമുകി തനിച്ചാകുമെന്ന് കരുതിയതിനാൽ അവളെയും കൊലപ്പെടുത്തിയെന്ന് പ്രതി
പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിങ് വിസയിൽ പോയി തിരിച്ചുവന്നതാണ്. മാതാവ് അര്‍ബുദ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സഹോദരൻ. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ പിതാവിന് വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയാണ്. ഇത് പൊളിഞ്ഞ് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു.
നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകി.താൻ മരിച്ചാൽ കാമുകി തനിച്ചാകും എന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ട് വന്നു വെട്ടികൊലപ്പെടുത്തിയതെന്നും പ്രതി മൊഴി നൽകി. കൊല്ലപ്പെട്ട ലത്തീഫ് റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]