
കാളികാവ്: ആസൂത്രണത്തിലെ പിഴവും നടത്തിപ്പിലെ കെടുകാര്യസ്ഥതയും കാരണം ചോക്കാട് പഞ്ചായത്തിലെ ജലനിധി പദ്ധതി നാഥനില്ലാതായി. വെള്ളത്തിലായത് ആറു കോടി രൂപ. പത്ത് വർഷം മുമ്പാണ് ചോക്കാട് പഞ്ചായത്തിൽ ജലനിധി പദ്ധതിക്കു തുടക്കം കുറിച്ചത്. ജലനിധി പദ്ധതിക്കായി പഞ്ചായത്തിൽ ആറ് കോടി രൂപ ചെലവഴിച്ചെങ്കിലും ഒരാൾക്കു പോലും വെള്ളം നൽകാൻ ഇക്കാലത്തിനിടക്ക് കഴിഞ്ഞിട്ടില്ല.
ചോക്കാട് പഞ്ചായത്തിലെ 1837 ഗുണഭോക്താക്കളെ കണ്ടെത്തി 3100 രൂപഗുണ ഭോക്തൃ വിഹിതവും പിരിച്ചെടുത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി പലയിടങ്ങളിലും പൈപ്പുകൾ സ്ഥാപിച്ചു. തുടർന്ന് പരീക്ഷണാടിസ്ഥാനത്തിൽ മധുമല ടാങ്കിൽനിന്നുള്ള വെള്ളം തുറന്നു വിട്ടതോടെ പൈപുകൾ തുരുതുരാ പൊട്ടുകയും ചെയ്തു.
ഇതോടെ പദ്ധതി അവതാളത്തിലായി.ജലവകുപ്പുമായി സഹകരിച്ചാണ് പദ്ധതിനടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. അതിനിടെ വെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്തിന്റെയും ജലനിധി അധികൃതരുടെയും അനാസ്ഥക്കെതിരെ 2019 ൽ ഗുണഭോക്തൃ സമിതി ഉപഭോക്തൃ കോടതിയെ സമീപിച്ചു. തുടർന്നു 2023 ഒക്ടോബർ മാസത്തിൽ ഗുണഭോക്താക്കൾ കോടതി വിധി സമ്പാദിച്ചു. രണ്ടു മാസത്തിനുള്ളിൽ എല്ലാവർക്കും വെള്ളമെത്തിക്കാനും കോടതിയെ സമീപിച്ച ഓരോ ഗുണഭോക്താവിനും 5000 രൂപ കോടതി ചെലവും 25000 രൂപ വീതം നഷ്ടപരിഹാരം നൽകാനുമായിരുന്നു കോടതി വിധി.
കാലാവധി കഴിഞ്ഞിട്ടും കോടതിവിധി നടപ്പാക്കാൻ കഴിയാതെ പ്രതിസന്ധിയിലായ ജലനിധി വകുപ്പ് വിധിക്കെതിരെ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ്.പദ്ധതിയുടെ ഭാഗമായി നേരത്തെ സ്ഥാപിച്ച പൈപ്പു ലൈനുകളും ഹൈവെ വർക്കിന്റെ ഭാഗമായി പൊളിച്ചു കളഞ്ഞു.പദ്ധതിയിൽ പഞ്ചായത്ത് വിഹിതമായി ബാക്കിയുള്ള നാൽപ്പത് ലക്ഷം രൂപ ജലനിധി നടത്തിപ്പുകാർക്ക് നൽകില്ലെന്ന് പഞ്ചായത്ത് ബോർഡും തീരുമാനമെടുത്തു. ഇതോടെ ഇനിയൊരിക്കലും ജലനിധി പദ്ധതി പഞ്ചായത്തിൽ നടപ്പിലാവില്ലെന്ന് തീർച്ചയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എല്ലാ ഗുണഭോക്താക്കൾക്കും വെള്ളം ലഭ്യമാക്കാതെ ഒരു രൂപ പോലും നൽകില്ലെന്നാണ് പഞ്ചായത്ത് നിലപാട്.ന ടക്കാത്ത പദ്ധതിക്ക് പ്രോജക്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു. അതിനിടെ കേന്ദ്ര പദ്ധതിയായ ജൽ ജീവൻ പദ്ധതിയുടെ പ്രവർത്തനവും ചോക്കാട് പഞ്ചായത്തിൽ തുടക്കംകുറിച്ചിട്ടുണ്ട്. ഇതോടെ ജലനിധിപദ്ധതി പഞ്ചായത്തിൽ ആവശ്യമില്ലാതാവുകയും ചെയ്തു.
1837 ഗുണ ഭോക്താക്കളിൽ നിന്ന് 3100 രൂപ വീതം പിരിച്ചെടുത്ത ഗുണ ഭോക്തൃ വിഹിതം തിരിച്ചു നൽകണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെട്ടു. ഇതിനു വേണ്ടി സമരപരിപാടികളുമായി മുന്നോട്ടു പോകാൻ ഗുണഭോക്താക്കൾ തീരുമാനിച്ചു.