
വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച രേഖകളിൽ കൃത്രിമത്വം കാണിച്ചെന്ന് ആരോപിച്ച് നടൻ ബാലയ്ക്കെതിരെ ദിവസങ്ങൾക്ക് മുമ്പാണ് ഗായിക അമൃത സുരേഷ് പൊലീസിനെ സമീപിച്ചത്. മകളുടെ ഇൻഷൂറൻസുമായി ബന്ധപ്പെട്ട് ബാല കൃത്രിമത്വം കാണിച്ചെന്നാണ് അമൃതയുടെ പരാതിയിൽ പറയുന്നത്. എന്നാൽ പരാതിയുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അമൃതയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടന്നത്. അച്ഛനെ വേണ്ടാത്ത മകൾക്ക് എന്തിനാണ് അച്ഛന്റെ പണം എന്ന തരത്തിലടക്കം ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഈ സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷ്.
ഇൻഷൂറൻസ് തുക ചോദിച്ചിട്ടില്ലെന്നും എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായതാണ് ഈ കേസെന്നും അമൃത സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു. പണം വേണമെന്ന് ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആർ വർക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബർ ആക്രമണം നിർത്തലാക്കണമെന്നും അമൃത കൂട്ടിച്ചേർത്തു.
അമൃത സുരേഷിന്റെ പരാതിയിൽ നടൻ ബാലയ്ക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ സമർപ്പിച്ച വിവാഹമോചന കരാറിന്റെ അഞ്ചാം പേജിൽ കൃത്രിമം കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ പേജിൽ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. ഇതിൽ അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. ബാല മകൾക്കുള്ള ഇൻഷൂറൻസുമായി ബന്ധപ്പെട്ട് തിരിമറി കാണിച്ചെന്നും അമൃത സുരേഷ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയിൽ നേരത്തെ പൊലീസ് ബാലയെ അറസ്റ്റ് ചെയ്തിരുന്നു.