
സ്കൂൾ പഠനകാലം കഴിയുമ്പോൾ മുതൽ മിക്ക മലയാളി അച്ഛനമ്മമാർക്കും മക്കൾ ആരാകണം എന്ന സ്വപ്നമുണ്ടാകും. അത്തരത്തിൽ അവരെ അയക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ മേഖലയാണ്. എന്തുകൊണ്ടാണിങ്ങനെ എന്നറിയാമോ? ഇപ്പോഴും ഇന്ത്യയിൽ ഒരു പ്രൊഫഷണലിന് ഏറ്റവും നല്ല ശമ്പളം ലഭിക്കുന്ന ജോലികളുടെ കൂട്ടത്തിൽ ഇവയുണ്ട് എന്നതാണ് കാരണം.
ഇവയ്ക്ക് പുറമേ അധികമാരും ശ്രദ്ധിക്കാത്ത ചില മേഖലകളിലെ പ്രൊഫഷണലുകളും ഇന്ത്യയിൽ തന്നെ ജോലി ചെയ്ത് പണം വാരുന്നുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ വർഷം ഏറ്റവുമധികം പ്രതിവർഷ വരുമാനം ലഭിച്ച ജോലികൾ ഇവയൊക്കെയാണ്.
മാനേജ്മെന്റ് കൺസൾട്ടന്റുമാർ
വിവിധ സ്ഥാപനങ്ങൾ അവയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് മാനേജ്മെന്റ് കൺസൾട്ടന്റുമാരുടെ സഹായം തേടാറുണ്ട്. കോർപറേറ്റ് മേഖലയിൽ വരുന്ന സങ്കീർണമായ പ്രശ്നങ്ങൾ ഒരു അനുഭവ പരിചയമുള്ള മാനേജ്മെന്റ് കൺസൾട്ടന്റിന് പരിഹരിക്കാൻ കഴിയും. കമ്പനികളുടെ കാര്യക്ഷമത കൂട്ടാനും വളർച്ച നേടാനും ഇവരുടെ നിർദ്ദേശങ്ങൾ സഹായിക്കും.
കമ്പനികളുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഘടന പഠിച്ച ശേഷം വിവിധ ബിസിനസ് മോഡലുകളെ വിശകലനം ചെയ്യുക, മാർക്കറ്റ് ട്രെൻഡ് അറിയുക, കമ്പനിയുടെ പ്രകടനം മനസിലാക്കുക ഇവയ്ക്ക് ആവശ്യമായ ഡാറ്റ ശേഖരിക്കുക, ഉപഭോക്താവിനായി പദ്ധതികൾ ആവിഷ്കരിക്കുകയും അവ അവതരിപ്പിക്കുകയും ചെയ്യുക എന്നിങ്ങനെ നിരവധി സങ്കീർണമായ ജോലികൾ മികച്ച ഒരു മാനേജ്മെന്റ് കൺസൾട്ടന്റിന് ചെയ്യാൻ കഴിയും. പ്രതിവർഷം 27 ലക്ഷം രൂപ ശരാശരി പ്രൊഫഷണലായ ഒരാൾക്ക് നേടാൻ സാധിക്കും.
ആർക്കിടെക്റ്റ്
ഭാവനയും സാങ്കേതികവിദ്യയും അനുഭവജ്ഞാനവും ചേർന്ന ജോലിയാണ് ആർക്കിടെക്റ്റിന്റേത്. കെട്ടിടങ്ങളും മറ്റ് നിർമ്മിതികളും മാറുന്ന കാലത്തിനനുസരിച്ചും കാലങ്ങളോളം നിലനിൽക്കാനും പാകത്തിന് നിർമ്മിക്കുന്ന ഇവരുടെ ജോലി എന്നും ആവശ്യമുള്ളതാണ്.
സുരക്ഷയും നൂതന ആശയങ്ങളും ആവശ്യക്കാരന്റെ നിർദ്ദേശവും മാനിച്ച് കെട്ടിടങ്ങളുടെ രൂപകൽപന നിർവ്വഹിക്കുകയും അതിൽ പ്രൊജക്ട് ആർക്കുവേണ്ടിയാണോ അയാളുടെ ബഡ്ജറ്റിന് അനുസരിച്ച് പണം ചെലവാക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് ആർകിടെക്ടിന്റെ ചുമതലയാണ്. അതിനാൽ കെട്ടിടനിർമ്മാണം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സ്ഥലത്തെ കെട്ടിട നിർമമാണ ചട്ടത്തിനനുസരിച്ച് അവ നിർമ്മിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യണം ആർകിടെക്റ്റ്. മികച്ച ഒരു ആർക്കിടെക്റ്റിന് ഏകദേശം 27 ലക്ഷം രൂപയോളം പ്രതിവർഷം ഇന്ത്യയിൽ സമ്പാദിക്കാൻ ആകും.
കൊമേഴ്സ്യൽ പൈലറ്റ്
യാത്രാവിമാനങ്ങൾ കൈകാര്യം ചെയ്യാനും കാർഗോ വിതരണത്തിനും അടിയന്തര ഘട്ട സർവീസുകൾക്കും ഒരു മികച്ച കൊമേഴ്സ്യൽ പൈലറ്റിന്റെ അനുഭവം വലിയ ഗുണം ചെയ്യും. മികച്ച പ്ളാനിംഗും അവയുടെ നടത്തിപ്പും വഴി വിമാനയാത്ര എളുപ്പമുള്ളതാക്കാൻ പൈലറ്റുമാർക്ക് സാധിക്കും.
വിമാനം യാത്രപുറപ്പെടും മുൻപ് പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാനും ശരിയായ പ്ളാനിംഗ് നടത്താനും ആധുനിക സാങ്കേതിക വിദ്യാ സഹായത്തോടെ യാത്ര നിശ്ചയിക്കാനും കഴിയുന്ന ഒരു നല്ല പൈലറ്റിന് പ്രതിവർഷം 27 ലക്ഷം വരെ ശരാശരി വരുമാനം ലഭിക്കാം.
പ്രൊഡക്ട് മാനേജർമാർ
വിപണിയിലേക്ക് ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ വസ്തുക്കൾ എത്തിക്കുന്നതിനും ഇവ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാനും പ്രൊഡക്ട് മാനേജർമാർ വേണം. ഒരു ഉൽപന്നത്തിന്റെ നിർമ്മാണത്തിൽ സാങ്കേതികപരമായ കാര്യങ്ങളെ ബിസിനസ് തന്ത്രങ്ങളോട് യോജിപ്പിക്കുന്ന വിധം തീരുമാനമെടുക്കാൻ മാനേജർമാർ വേണം. ഇന്ത്യൻ വിപണിയിൽ തന്റെ ഉൽപ്പന്നം മുന്നേറുന്നു എന്ന് ഉറപ്പാക്കേണ്ട ജോലി നോക്കുന്ന ഇവർ പ്രതിവർഷം 25 ലക്ഷത്തോളം പ്രതിഫലം ശരാശരി കൈപ്പറ്റുന്നതായാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇൻവെസ്റ്റ്മെന്റ് ബാങ്കർ
ധനകാര്യ സ്ഥാപനങ്ങളുടെ മൂലധന വർദ്ധനവിന് സഹായിക്കുന്നവരാണ് ഇൻവെസ്റ്റ്മെന്റ് ബാങ്കർ. സാമ്പത്തിക മേഖലയിലെ ലയനങ്ങൾക്കും മറ്റ് കമ്പനികളെ ഏറ്റെടുക്കുന്നതിനും മറ്റിടങ്ങളിൽ നിക്ഷേപിക്കുന്നതിന് കമ്പനികൾക്ക് മികച്ച ഉപദേശം നൽകാനും സഹായിക്കുന്നവരാണിവർ. ഇവരിൽ സാമ്പത്തിക വിശകലന ശേഷി മികച്ചരീതിയിൽ ഉള്ളവർക്ക് ഏതാണ്ട് 17 ലക്ഷത്തോളം ഇന്ത്യയിൽ നിന്ന് നേടാനാകും.
സിവിൽ സർവീസ് ഉദ്യോഗസ്ഥർ
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും സുഗഗമായ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. പൊതു സമ്പത്ത് കൈകാര്യം ചെയ്യുന്നതിനും ജനങ്ങൾക്ക് ഉപകാരപ്രദവും അവശ്യവുമായ സർവീസുകൾ രൂപീകരിക്കാനും അവ കൊണ്ടുനടക്കുന്നതിനും വേണ്ട ക്രിയാത്മക നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതും ഇവരുടെ ജോലിയാണ്.
കളക്ടർ, ഡയറക്ടർമാർ, കമ്മീഷണർമാർ,ഡയറക്ടർ ജനറൽ എന്നിങ്ങനെ വിവിധ തസ്തികകളിൽ ഇവർ ജോലിനോക്കും. നിയമനിർമ്മാണവും ജനജീവിതവും മികവാർന്ന രീതിയിൽ നടക്കുന്നു എന്ന് ഉറപ്പാക്കേണ്ടതും ഇവരുടെ കടമയാണ്. 15 ലക്ഷത്തോളം രൂപ വരെ ശരാശരി വാർഷിക വരുമാനം നേടുന്നവർ ഇവരിലുണ്ട്.
ഇവയ്ക്കെല്ലാം ശേഷമാണ് ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ എഞ്ചിനീയർ, ഡോക്ടർ പ്രൊഫഷനുകളിൽ നിന്നുള്ള വരുമാനം. ടെക്നോളജി വ്യവസായ മേഖലയിൽ ഏറ്റവും ആവശ്യമുള്ളവരായ സോഫ്ട്വെയർ എഞ്ചിനീയർ, ഡെവലപ്പർ തസ്തികയ്ക്ക് മിക്കയിടത്തും ശരാശരി ലഭിക്കുന്ന വർഷ ശമ്പളം ഒൻപത് ലക്ഷം രൂപയാണ്.
സ്പെഷ്യലിസ്റ്റുകളായ ഡോക്ടർമാർക്ക് ഇന്ത്യയിൽ ശരാശരി 7.6 ലക്ഷം രൂപ വർഷം സമ്പാദിക്കാൻ സാധിക്കുമെന്നാണ് കണക്ക്. അനുദിനം വികസിക്കുന്ന മെഡിക്കൽ മേഖലയിൽ വിദഗ്ദ്ധർക്ക് വരുമാന വർദ്ധനക്കും സാദ്ധ്യത ഏറെയാണ്.