
അബുദാബി: പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇ നിവാസികൾക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ച് യുഎഇ നാഷണൽ സെന്റർ ഒഫ് മെറ്റീരോളജി (എൻസിഎം). ഇന്ന് രാജ്യത്ത് താപനിലയിൽ കുറവുണ്ടാകുമെന്നും മഴ ലഭിക്കാൻ ഇടയുണ്ടാകുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും കാർമേഘം മൂടിയ അന്തരീക്ഷമായിരിക്കും. രാത്രിയോടെ ഈർപ്പമുള്ള കാലാവസ്ഥയിലെത്തും. നാളെ ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അറേബ്യൻ ഗൾഫിൽ ഇന്ന് കടൽ രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ എൻസിഎം യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഏഴ് അടി ഉയരത്തിൽ തിരമാലകൾ വീശാനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുമുള്ള സാദ്ധ്യത കണക്കിലെടുത്താണ് അലർട്ട് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ ആറ് മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ജാഗ്രതാ നിർദേശമുള്ളത്. പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് യെല്ലോ അലർട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്.
തെക്കുകിഴക്കൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇത് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മാറി കടലിന് മുകളിലൂടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 10 കിലോമീറ്റർ മുതൽ 25 കിലോമീറ്റർ വരെയാകും. തുടർന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുമെന്നുമാണ് കാലാവസ്ഥാ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നത്. രാത്രിയോടെ ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അബുദാബിയിലും ദുബായിലും കാലാവസ്ഥാ വ്യതിയാനമുണ്ടാകും. ഉയർന്ന താപനില 33 ഡിഗ്രിവരെയാകും. 19 ഡിഗ്രിയാണ് ഏറ്റവും കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നത്. ദുബായിൽ 33 ഡിഗ്രി ഉയർന്ന താപനിലയും 20 ഡിഗ്രി കുറഞ്ഞ താപനിലയുമാണ് പ്രതീക്ഷിക്കുന്നത്.