
ബെംഗ്ലൂരു : നാഗർകുർണൂൽ ദുരന്തത്തിൽ ടണലിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നാവികസേനയും. നാവികസേനാ മറൈൻ കമാൻഡോസായ മാർക്കോസ് കൂടി രക്ഷാ ദൗത്യത്തിൽ എത്തും. മണ്ണിടിഞ്ഞ് എട്ട് പേർ കുടുങ്ങിയതിന് 150 മീറ്റർ അകലെ രക്ഷാപ്രവർത്തകരെത്തി. പതിനൊന്നര കിലോമീറ്റർ അകത്ത് വരെ ഒരു ജനറേറ്ററടക്കമുള്ള യന്ത്രങ്ങളെത്തിച്ചു. പിന്നീടുള്ള രണ്ട് കിലോമീറ്റർ താൽക്കാലിക കൺവെയർ ബെൽറ്റ് സജ്ജീകരിച്ചിരിക്കുകയാണ്.
അവശിഷ്ടങ്ങൾ ഈ കൺവെയർ ബെൽറ്റ് വഴിയാണ് പുറത്തേക്ക് കൊണ്ട് വരുന്നത്. തകർന്ന മെഷീൻ ഭാഗങ്ങളും ചെളിയും വെള്ളക്കെട്ടും സിമന്റ് പാളികളും പാറക്കെട്ടുകളും രക്ഷാ പ്രവർത്തകർക്ക് മുന്നോട്ട് പോകാൻ കടുത്ത വെല്ലുവിളിയാണ്. ഒമ്പതര അടി വ്യാസമുള്ള ടണൽ പൂർണമായും അവശിഷ്ടങ്ങൾ വന്ന് മൂടിയ നിലയിലാണ്. രാത്രി മുഴുവനും രക്ഷാ പ്രവർത്തകർ ലൗഡ് സ്പീക്കറിലൂടെ പേര് വിളിച്ചിട്ടും ഉള്ളിൽ നിന്നും മറുപടിയില്ല. കുടുങ്ങിപ്പോയവർ ചൂടും സമ്മർദ്ദവും നിർജലീകരണവും കാരണം ബോധരഹിതരാവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഓക്സിജൻ പരമാവധി പമ്പ് ചെയ്ത് നൽകാൻ ശ്രമിക്കുന്നെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ്, ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചനപദ്ധതിയുടെ വമ്പൻ ടണലുകളിലൊന്നിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് ഇതിനകത്ത് എട്ട് പേർ കുടുങ്ങിയത്. ടണലിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഏതാണ്ട് 13.5 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. വമ്പൻ ബോറിംഗ് മെഷീൻ കൊണ്ട് വന്ന് ടണൽ തുരക്കുന്ന ജോലികൾ പുരോഗമിക്കവേയാണ് മേൽക്കൂര രണ്ടിടങ്ങളിലായി ഇടിഞ്ഞുവീണതും, ടണലിലേക്ക് വെള്ളവും ചെളിയും കുതിച്ചൊഴുകിയെത്തിയതുമെന്നാണ് തൊഴിലാളികൾ പറയുന്നത്. മേൽക്കൂരയിൽ വെള്ളമിറങ്ങി വിള്ളലുണ്ടായിരുന്നെന്നും, ഇത് വലുതായി പൊട്ടി വീണുവെന്നുമാണ് നിഗമനം. സിമന്റ് പാളികളും പാറക്കെട്ടുകളും പൊട്ടി വീണ് ബോറിംഗ് മെഷീൻ അപ്പാടെ തകർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]