
ആലുവ: ആലുവയിൽ കാർ ഇടിച്ച് നിർത്താതെ പോയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരൻ ആശുപത്രി വിട്ടു. വാഴക്കുളം സ്വദേശി നിഷികാന്താണ് പരിക്ക് ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടത്. ഫെബ്രുവരി 13ന് അച്ഛനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് കുട്ടി റോഡിലേക്ക് വീണത്. പിന്നാലെ വന്ന കാർ കുട്ടിയുടെ മേൽ കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിൽ വാഹനം ഓടിച്ച നെടുമ്പാശ്ശേരി സ്വദേശി ഷാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആലുവ കുട്ടമശ്ശേരി ആനിക്കാട് വച്ചായിരുന്നു അപകടം. അച്ഛൻ പ്രജിത്തിനൊപ്പം ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയാണ് കുട്ടി റോഡിലേക്ക് വീണത്. പിന്നാലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോയി. പരിക്കേറ്റ കുട്ടിയുടെ കരൾ, വൃക്ക അടക്കമുള്ള ആന്തരീകാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഏറ്റിരുന്നു.
അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായ കുട്ടി മണിക്കൂറുകൾക്ക് ശേഷമാണ് കണ്ണ് തുറന്നത്. എന്നാൽ കുട്ടിയെ ഇടിച്ച കാര്‍ കണ്ടെത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും കാര്‍ കണ്ടെത്താനോ ഡ്രൈവ് ചെയ്തവരെ വിളിച്ചുവരുത്താനോ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
കങ്ങരപ്പടിയിൽ നിന്നാണ് പിന്നീട് കാര്‍ കണ്ടെത്തിയത്. തൃക്കാക്കരയിലെ രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. ഇവരുടെ സുഹൃത്ത് നെടുമ്പാശേരി സ്വദേശി ഷാനാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത്. രഞ്ജിനിയും ഒപ്പമുണ്ടായിരുന്നു. കുട്ടി കാറിനടയിൽപ്പെട്ടത് ശ്രദ്ധിച്ചില്ലെന്നാണ് ഷാൻ മൊഴി നൽകിയത്. സംഭവത്തിൽ രണ്ട് പേരെയും പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
അപകടം പോലെ തന്നെ ബന്ധുക്കളെ പോലീസിന്റെ നിസംഗതയും ഏറെ വിഷമിപ്പിച്ചിരുന്നു. ആലുവ പോലീസിന് അപകടം വിവരം ആശുപത്രി അധികൃതർ രാവിലെ തന്നെ കൈമാറിയിട്ടും ആരും ആശുപത്രിയിൽ എത്തിയിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ശേഷം വൈകിട്ടാണ് പൊലീസുകാര്‍ വീട്ടുകാരെ വിളിച്ച് മൊഴി നൽകാൻ വരാൻ ആവശ്യപ്പെട്ടത്. വെന്റിലേറ്ററിൽ കുഞ്ഞ് കഴിയുമ്പോൾ സ്റ്റേഷനിൽ വരാൻ കഴിയില്ലെന്ന് പറഞ്ഞ മാതാപിതാക്കളോട് രാവിലെ സിഐയെ കണ്ട് പരാതി നൽകാൻ ആവശ്യപ്പെട്ട് പോലീസുകാരൻ ഫോൺ വെക്കുകയായിരുന്നു. സംഭവം വാർത്തയായ ശേഷമാണ് അടുത്ത ദിവസം രാത്രി പത്ത് മണിയോടെ ആലുവ പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ അച്ഛന്റെ മൊഴി എടുത്തത്.
Last Updated Feb 23, 2024, 7:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]