തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തിങ്കളാഴ്ച മുതൽ കടയടപ്പു സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷൻ വ്യാപാരികൾ, മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷൻ വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ ചർച്ചയിൽ അറിയിച്ചു. വേതന പരിഷ്കരണ കമ്മിറ്റിയുടെ ശുപാർശകൾ റേഷൻ വ്യാപാരികളുമായി ചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. സമരത്തിൽ നിന്ന് പിൻമാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ അറിയിച്ചു. ധനകാര്യ മന്ത്രി അഞ്ചു മിനിട്ട് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.
വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്.