തിരുവനന്തപുരം: വയോജന ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിയിൽ 11 കോടി രൂപകൂടി അനുവദിച്ചതായി സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഇതടക്കം നടപ്പു സാമ്പത്തിക വർഷം പദ്ധതിയ്ക്ക് 22 കോടി രൂപ അനുവദിച്ചു.
അറുപത്തിയഞ്ച് വയസ്സിനു മുകളിൽ പ്രായമുള്ള നഗരപ്രദേശവാസികളായ വയോജനങ്ങൾക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യചികിത്സ, സൗജന്യ മരുന്ന്, കൗൺസലിംഗ്, പാലിയേറ്റീവ് കെയർ, ഹെൽപ്പ് ഡെസ്ക് സേവനം തുടങ്ങിയവ നൽകുന്ന പദ്ധതിയാണിത്. സംസ്ഥാനത്തെ എല്ലാ നഗരസഭാ പ്രദേശത്തേക്കും വ്യാപിപ്പിച്ചുകഴിഞ്ഞ പദ്ധതി മൂന്നു ബ്ലോക്ക് പഞ്ചായത്തിലും കൂടി ആരംഭിച്ചിട്ടുണ്ട് മന്ത്രി പറഞ്ഞു.
സൗജന്യ ചികിത്സക്ക് പുറമെ മുതിർന്ന പൗരർക്ക് മാനസികോല്ലാസം പ്രദാനം ചെയ്യുന്ന പരിപാടികൾ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയും വയോമിത്രം വഴി നടപ്പിലാക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നഗരപ്രദേശങ്ങളിലെ മുതിർന്നപൗരരുടെ കൂട്ടായ്മയായി വളർത്താനുളള ശ്രമങ്ങളിലാണ് സാമൂഹ്യ സുരക്ഷാ മിഷൻ മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
വയോമിത്രം പദ്ധതി അടക്കമുള്ള മുതിർന്ന പൗരന്മാർക്കായുള്ള ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിനാണ് കേന്ദ്ര സർക്കാരിന്റെ വയോശ്രഷ്ഠ സമ്മാൻ പുരസ്കാരം സംസ്ഥാനം നേടിയിരുന്നത്.