ന്യൂഡൽഹി: വിപണിയിലിറക്കിയ പതഞ്ജലിയുടെ മുളകുപൊടി തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). പതഞ്ജലി പുറത്തിറക്കിയ പ്രത്യേക ബാച്ചാണ് (AJD2400012) എഫ്എസ്എസ്എഐ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വാർത്താ ഏജൻസിയായ പിടിഐയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. നിലവിലുള്ള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് പുതിയ നീക്കത്തിനുളള കാരണം. മുളകുപൊടിയിൽ വിഷാംശമുളള പദാർത്ഥങ്ങളും മറ്റ് മാലിന്യങ്ങളും ഉളളതായി പരിശോധനയിൽ കണ്ടെത്തി.
ഉപഭോക്തൃ വിശ്വാസവും ഉൽപ്പന്ന ഗുണനിലവാരവും നിലനിർത്തുന്നതിന് ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്. ഇത് മുൻനിർത്തിയാണ് നടപടിയെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കിയിട്ടുണ്ട്.ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി 1986-ലാണ് സ്ഥാപിതമായത്. പതഞ്ജലി ഫുഡ്സ്, നിലവിൽ ഇന്ത്യയിലെ ഉയർന്ന നിലവാരമുളള ഭക്ഷണ ഉൽപ്പന്നങ്ങൾ വിപണികളിൽ എത്തിക്കുന്ന കമ്പനികളിൽ ഒന്നാണ്.സെപ്റ്റംബറിൽ തന്നെ പതഞ്ജലി ഫുഡ്സിന്റെ ആസ്തി 21 ശതമാനം വർദ്ധിച്ച് 308.97 കോടി രൂപയായിരുന്നു. മുൻ വർഷം 254.53 കോടി രൂപയായിരുന്നു കമ്പനിയുടെ ആസ്തി. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മൊത്തം വരുമാനം 7,845.79 കോടി രൂപയിൽ നിന്ന് 8,198.52 കോടി രൂപയായി ഉയർന്നിരുന്നു.
അതേസമയം, നിരവധി ആരോപണങ്ങൾ പതഞ്ജലി ഉൽപ്പന്നങ്ങൾക്കെതിരെ ഉയർന്നിരുന്നു. പതഞ്ജലി വെജിറ്റേറിയൻ എന്ന പേരിൽ വിപണിയെത്തിയ ആയുർവേദിക് പൽപ്പൊടിയായ ‘ദിവ്യ മഞ്ജൻ’ എന്ന ഉൽപ്പന്നത്തിൽ മത്സ്യത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു ഉപഭോക്താവ് പരാതി നൽകിയത് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]