ഓൺലൈനിലൂടെയുള്ള തട്ടിപ്പ് ദിവസേന കൂടിക്കൂടി വരികയാണ്. ശ്രദ്ധയൊന്ന് പാളിപ്പോയാൽ പണം പോയിക്കിട്ടി എന്ന് അർത്ഥം. മലേഷ്യയിലെ മരംഗിലുള്ള 41 -കാരിയായ ഒരു ബാങ്ക് ക്ലർക്കിന് അതുപോലെ നഷ്ടപ്പെട്ടത് 20.29 ലക്ഷം രൂപയാണ്.
തട്ടിപ്പുകാർ ഉദ്യോഗസ്ഥരായി ചമഞ്ഞുകൊണ്ടാണ് യുവതിയിൽ നിന്നും പണം തട്ടിയെടുത്തത്. നിങ്ങൾ ഒരു നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകൾ ഇപ്പോൾ പലയിടങ്ങളിലും നടക്കുന്നുണ്ട്. അതിൽ നിന്നും രക്ഷപ്പെടുത്താം എന്നു പറഞ്ഞാണ് പലപ്പോഴും പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുക.
ഒരു ഇൻഷുറൻസ് കമ്പനിയിൽ നിന്നും എന്നു പറഞ്ഞാണ് ബാങ്ക് ക്ലർക്കായ യുവതിക്ക് ആദ്യം ഫോൺ വന്നത്. വിളിച്ചയാൾ പറഞ്ഞത്, അവരുടെ പേരിൽ മൂന്ന് ഇൻഷുറൻസ് ക്ലെയിമുകളുണ്ട് എന്നാണ്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥരാണെന്നും പ്രോസിക്യൂട്ടറാണ് എന്നും പറഞ്ഞ് ആളുകൾ യുവതിയോട് സംസാരിച്ചു. നിങ്ങളുടെ വിവരങ്ങളുപയോഗിച്ച് ഏതോ ക്രിമിനലുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് എന്നായിരുന്നു അവർ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
പിന്നീട്, അവരോട് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാനാവശ്യപ്പെട്ടു. അത് അന്വേഷണത്തിന് അത്യാവശ്യമാണ് എന്ന് അവരെ ബോധ്യപ്പെടുത്തി. കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി എന്ന് വിശ്വസിപ്പിച്ചതിനെ തുടർന്ന് സപ്തംബർ 19 മുതൽ നവംബർ 30 വരെയായി 20.29 ലക്ഷം രൂപയാണ് സ്ത്രീ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്തത്.
എന്നാൽ, ഇതെല്ലാം കഴിഞ്ഞപ്പോഴാണ് താൻ പറ്റിക്കപ്പെടുകയാണ് എന്ന് അവർക്ക് മനസിലായത്. അതോടെ അവർ പൊലീസിനെ സമീപിക്കുകയായിരുന്നു. എന്തായാലും കേസിൽ ഇപ്പോൾ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]