മലപ്പുറം: വീട്ടില്‍ എസി ഉണ്ടെന്ന കാരണത്താല്‍ അഞ്ചു വയസ്സുകാരിക്ക് ഭിന്നശേഷി പെന്ഷന് നിരസിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി പുനഃപരിശോധിക്കാന്‍ സംസ്ഥാന സർക്കാറിന്റെ താലൂക്കുതല അദാലത്തില്‍ തീരുമാനം. മലപ്പുറം വളവന്നൂര്‍ ആപറമ്പില്‍ സജ്ന നല്കിയ പരാതിയിലാണ് നടപടി.
ജനിതക വൈകല്യം (ഡൗണ്‍ സിന്‍ഡ്രോം) ഉള്ള സജ്നയുടെ മകള്‍ക്ക് ഹൃദയ വാല്‍വിനും തകരാറുണ്ട്. ചികിത്സയ്ക്ക് തന്നെ നല്ലൊരു തുക ആവശ്യമായി വരുന്നുണ്ട്. കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് വീട്ടിലെ ഒരു മുറി എയര്‍ കണ്ടീഷന്‍ ചെയ്തത്. ഭര്‍ത്താവിന്റെ കുടുംബ വീട്ടിലാണ് സജ്നയും മകളും താമസിക്കുന്നത്
എന്നാൽ വീട്ടിൽ എ.സി ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സജ്നയുടെ മകൾക്ക് ഭിന്നശേഷി പെൻഷൻ നിഷേധിച്ചത്. തന്റെ പേരിലോ ഭര്‍ത്താവിന്റെ പേരിലാ വസ്തുവോ വീടോ ഇല്ലെന്നും വസ്തുതകളെല്ലാം പരിഗണിച്ച് മകള്‍ക്ക് ഭിന്നശേഷി പെന്ഷന് അനുവദിക്കണമെന്നുമായിരുന്നു സജ്നയുടെ അപേക്ഷ.
വീട്ടിൽ എ.സി സ്ഥാപിച്ചത് ചികിത്സയുടെ ആവശ്യത്തിനായതിനാലും ഇവർ താമസിക്കുന്ന വീട് കൂട്ടുകുടുംബമായതിനാലും പെൻഷൻ നിഷേധിച്ച പഞ്ചായത്തിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിർദേശിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് അദാലത്തിൽ വെച്ച് മന്ത്രി നിർദേശം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]