ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പ്രണയികള്‍
അടുക്കളപ്പാത്രത്തിന്റെ വക്ക് തട്ടി
ഉടഞ്ഞുതീര്‍ന്നൊരുത്തി
തണുത്തുറഞ്ഞ കട്ടിലിന്റെ മൂലയില്‍
ഇടം പറ്റി.
ഓര്‍മകള്‍ക്ക് മേല്‍ ഓര്‍മ്മകള്‍
വീണ് മുറിഞ്ഞൊരു
മുഷിഞ്ഞ ദേഹക്കാരന്‍ ഇരുട്ടില്‍ മുഖം താഴ്ത്തി.
എല്ലാ രാത്രിയെയും പോലെ അന്നും
ഉറക്കം മറന്ന് അവര്‍ കഥ പറച്ചില് തുടങ്ങി.
രണ്ടു ദൂരങ്ങളില്‍ നിന്ന്
ഒരേ നക്ഷത്രത്തിലേക്ക്
ചിറകു വിരിച്ചു പറന്ന പോലെ.
നോക്കൂ,
അമ്പിളി മാമന്
മുറ്റത്തെ തെങ്ങോലയില്‍ ഒളിച്ചിരുന്ന്
പല്ലില്ലാ ചിരിയെ ഊട്ടുന്നത്!
കള്ളക്കള്ളനും കള്ളപോലീസും
പാതിരാത്രിയിലും
കളി തുടരുന്നത്.
പ്രേമത്തിന്റെ തേന്‍പുഴയിലെ
തോണിയില്‍
ആണും പെണ്ണും മതിമറക്കുന്നത്.
വഴി മറന്നൊരു മുട്ടായിപ്പൊതി
തോട്ടുവക്കിലിരിക്കുന്നത്.
അരിച്ചാക്കില്‍ തലപൂഴ്ത്തി
പെരുച്ചാഴികള്‍
ആവോളം വയറു നിറയ്ക്കുന്നത്.
ഇതൊന്നുമറിയാത്തൊരു കറുമ്പന്‍പൂച്ച
കിനാവ് കണ്ട് മരിക്കുന്നത് .
പാറ്റ, പുല്‍ച്ചാടി കുരുവി മാന്‍ മയില്‍ കോഴിച്ചാത്തന്മാര്
ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ
കൂര്‍ക്കം വലിക്കുന്നത്.
രാവു തീരുന്നത്.
ചുവപ്പ് പൊട്ടുന്നത്.
മേഘപുതപ്പൊക്കെ തട്ടിക്കുടഞ്ഞ്
നല്ലൊരു മുട്ടന്‍ മഴ പെയ്യിച്ചാലോ എന്ന്
അമര്‍ത്തിച്ചിരിച്ച് പകല്‍ പുലര്‍ന്നത്.
പ്രണയികള്‍ തിരിച്ചു പറക്കുന്നു,
വീണ്ടും രാവിനെ കൊതിക്കുന്നു.
മൂത്തോള്
ഇത് പോലൊരു രാത്രിയിലാണ്
ഒരു മുന്നറിയിപ്പുമില്ലാതെ അവളിറങ്ങിപ്പോയത്.
നാമ്പു കൊരുത്ത ഞാന്‍ വേരോടെ ഉണങ്ങിയത്.
തായ് വേര് കണ്ണീരു വീണു ചീഞ്ഞത്.
അച്ഛന്‍തണല്‍ വെയിലില്‍ തളര്‍ന്നത്.
കൈപ്പിടിയില്‍ നിന്ന് ഊര്‍ന്ന് ഊര്‍ന്ന്
ഏത് ദൂരത്തേക്കാണ്
വഴിയറിയാത്ത ഒരുവള്‍ ഇറങ്ങി പോവുന്നത്?
മരുന്നു കുപ്പി മണക്കുന്ന ഇടനാഴി കടന്ന്,
വരണ്ട കണ്ണീരിന്റെ ചാലു കടന്ന്,
വെട്ടി തയ്ച്ചിട്ടും പാകമാവാത്ത മുറിവ് മറന്ന്,
നേര് പോലെ വെളുത്തൊരുവള്‍
അതാ, നോവിന്റെ പാലം കടന്ന്
ഇല്ലാത്ത ദേശത്തേക്ക് ഒറ്റയ്ക്കിറങ്ങി പോവുന്നു.
തിരിച്ചു വരികെന്റെ നരകത്തിലേക്ക്
എന്ന കരച്ചില് കേട്ട്
ഊറിയൂറി ചിരിച്ച്,
മുടിയഴിച്ച്,
നൂറായിരം ചോദ്യങ്ങളോട്
കൊമ്പ് കോര്‍ത്തു രസിച്ച്
ആരെയും പേടിക്കാത്ത ഒരുവളതാ
ഇല്ലാത്ത ദേശത്തേക്ക്
ഒറ്റയ്ക്കിറങ്ങി പോവുന്നു.
ഇരുള്‍പ്പുതപ്പില്‍,
ഞാന്‍ പേടിച്ചു മരിക്കുമെന്നറിഞ്ഞിട്ടും
കോര്‍ത്തു പിടിച്ച കൈ
തണുത്ത് കിടുങ്ങുമെന്നറിഞ്ഞിട്ടും
നീയില്ലാത്ത നിലാവിനെ
ഞാന്‍ വെറുക്കുമെന്ന് അറിഞ്ഞിട്ടും
ആളില്ലാത്ത പൂരപ്പറമ്പ് പോലെ
ഞാന്‍ ശൂന്യയായി പോയ
ഇതുപോലൊരു രാത്രിയിലാണ്
എന്റെ മുച്ചൂടും തകര്‍ത്ത്,
വഴിയില്ലാത്ത, ആളില്ലാത്ത ദേശത്തേക്ക്
അവളിറങ്ങി പോയത്.
ഗര്‍ഭപാത്രത്തില്‍ എന്നപോലെ
ഞാന്‍ ഒറ്റയ്ക്കായത്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]