ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ചുറിയുമായി ജാര്‍ഖണ്ഡ് താരം ഇഷാന് കിഷന്. മണിപ്പൂരിനെതിരായ മത്സരത്തില്‍ 78 പന്തില്‍ 134 റണ്‍സാണ് ഇഷാന് നേടിയത്. ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റന്‍ കൂടിയായ ഇഷാന്റെ ഇന്നിംഗ്സിന്രെ കരുത്തില്‍ ജാര്‍ഖണ്ഡ് എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗിനെത്തിയ മണിപ്പൂര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ജാര്‍ഖണ്ഡ് 28.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഗംഭീരമായിരുന്നു ജാര്‍ഖണ്ഡിന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ ഇഷാന് – ഉത്കര്‍ഷ് സിംഗ് (68) സഖ്യം 196 റണ്‍സ് കൂട്ടിചേര്‍ത്തു. 23-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കിഷനെ, കിഷന് സിംഗ പുറത്താക്കി. ആറ് സിക്സും 16 ഫോറും ഉള്‍പ്പെടുന്നായിരുന്നു കിഷന്റെ ഇന്നിംഗ്സ്. പിന്നാലെ ഉത്കര്‍ഷും മടങ്ങി. 64 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും ഒമ്പത് ഫോറും നേടി. പുറത്താകാതെ നിന്ന് കുമാര്‍ കുശാഗ്ര (26) – അനുകൂല്‍ റോയ് (17) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ ജോണ്സണ് (69), ജോടിന് ഫെയ്റോയ്ജാം (പുറത്താവാതെ 35), പ്രിയോജിത് (43) എന്നിവരുടെ ഇന്നിംഗ്സുകളാണ് ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.
കേരളത്തിന് തോല്‍വി
അതേസമയം, ബറോഡയ്ക്കെതിരെ കേരളത്തിന് 62 റണ്‍സിന്റെ തോല്‍വി. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 404 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തര്‍ന്ന് കേരളം 46 ഓവറില്‍ 341 റണ്‍സിന് എല്ലാവരും പുറത്തായി. മുഹമ്മദ് അസറുദ്ദീന്റെ (58 പന്തില്‍ 104) സെഞ്ചുറി പാഴായി. രോഹന് കുന്നുമ്മല്‍ (65), അഹമ്മദ് ഇമ്രാന് (51) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങള്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ (99 പന്തില്‍ 136) ഇന്നിംഗ്സിന്റെ ബലത്തില്‍ 403 റണ്‍സാണ് അടിച്ചെടുത്തത്. അശ്വിന്‍കുമാറിന് പുറമെ പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ഹാര്‍ദിക് പാണ്ഡ്യ (51 പന്തില്‍ പുറത്താവാതെ 70) എന്നിവരുടെ ഇന്നിംഗ്സും ഹൈദാരാബാദിന് ഗുണം ചെയ്തു. ഷറഫുദ്ദീന് രണ്ട് വിക്കറ്റെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]