
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം- ക്രിസ്മസിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും ക്രിസ്മസ്-പുതുവർഷ ചന്തകൾ കാലി. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇക്കുറി മധുരം കുറയും. ചന്തകളിൽ പഞ്ചസാര ഇല്ല. പയർ, തുവരപ്പരിപ്പ്, മുളക്, വെളിച്ചെണ്ണ, ജയഅരി, മട്ട അരി എന്നിവ മാത്രമാണ് പുത്തരിക്കണ്ടത്ത് ഭക്ഷ്യമന്ത്രി ഉദ്ഘാടനം ചെയ്ത ക്രിസ്മസ് ചന്തയിൽ ലഭിക്കുന്നത്. പതിമൂന്നിന സബ്സിഡി സാധനങ്ങളിൽ പലയിടത്തും എത്തിയത് നാലേ അഞ്ചോ ഉൽപന്നങ്ങൾ മാത്രം. എട്ടു ജില്ലകളിൽ ക്രിസ്മസ്-പുതുവർഷ ചന്തകൾ തുടങ്ങിയിട്ടുമില്ല. ഭക്ഷ്യമന്ത്രി ഇന്നേ നവകേരള സിൽ നിന്നും ഇറങ്ങൂ. നാളെ ക്രിസ്മസിനുള്ള ഒരുക്കങ്ങൾ. തിങ്കളാഴ്ച ക്രിസ്മസ്. അതിനാൽ സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങി ക്രിസ്മസ് ആഘോഷിക്കാമെന്ന് കരുതിയവർക്ക് തെറ്റി.
ജില്ലയിൽ ഒരു ക്രിസ്മസ് ചന്തയാണ് പേരിനു വേണ്ടി പ്രവർത്തിക്കുന്നത്. അവശ്യ സാധനങ്ങൾക്ക് പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 13 ഉത്പന്നങ്ങൾ സബ്സിഡി നിരക്കിലും മറ്റുള്ളവ വിലക്കുറവിലും ലഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും വിപണി വിലയേക്കാൾ അധികമാണ് പലതിനും ഈടാക്കുന്നതെന്ന് ഉപഭോക്താക്കൾ പറയുന്നു. സവാളയ്ക്ക് വിപണി വിലയേക്കാൾ 20 രൂപ കൂടുതൽ. സബ്സിഡി ഇനത്തിൽ സപ്ലൈകോയ്ക്ക് സർക്കാർ നൽകാനുള്ളത് കോടികളാണ്. റേഷൻ വിതരണച്ചെലവിൽ നൽകാനുള്ള 185.64 കോടിയും ക്രിസ്മസ് വിപണി ഇടപെടലിന് 17.63 കോടിയും അനുവദിച്ചിരുന്നു. ഇത് ഒരു ദിവസത്തേക്ക് പോലും തികയില്ലെന്ന് ജീവനക്കാർ പറയുന്നു. സപ്ലൈകോ വിതരണക്കാർക്ക് കുടിശ്ശിക ഇനത്തിൽ 630 കോടിയാണ് നൽകാനുള്ളത്. അതിനാൽ കരാറുകാർ വിട്ടുനിൽക്കുകയായിരുന്നു. പുതിയ കരാറുകാരെ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചെങ്കിലും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കടം കൊടുക്കാൻ തയാറായില്ല.