
ക്രിസ്മസിന് ഡിന്നറൊരുക്കുക എന്നാൽ ചില്ലറ ചെലവൊന്നുമല്ല വരിക. പ്രത്യേകിച്ച് മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെക്കൂടി വരുന്നുണ്ടെങ്കിൽ. യുകെ -യിൽ നിന്നുള്ള ഒരു മുത്തശ്ശി ആ ഡിന്നറിന് വേണ്ടിയുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഇല്ലാതെയാക്കാൻ ഒരു വഴി കണ്ടെത്തി. ഒരു സിംപിൾ വഴിയാണ്. മക്കളിൽ നിന്നും കൊച്ചുമക്കളിൽ നിന്നുംതന്നെ ഭക്ഷണത്തിന്റെ പൈസയീടാക്കുക. ഇതെന്താണ് ഹോട്ടലോ എന്നാണോ കരുതുന്നത്? ഹോട്ടലൊന്നുമല്ല, സംഗതി ഇവർക്ക് കനത്ത ചെലവ് താങ്ങാൻ പറ്റാഞ്ഞിട്ടാണ് ഇങ്ങനെ ഒരു വഴി സ്വീകരിച്ചത്.
കാർഡിഫിൽ നിന്നുള്ള കരോലിൻ ഡഡ്രിഡ്ജ് ആണ് തന്റെ മക്കളിൽ നിന്നും പൈസ സ്വീകരിച്ചുകൊണ്ട് ഡിന്നർ ഒരുക്കുന്നത്. 2015 -ലാണ് കരോലിന്റെ ഭർത്താവ് മരിക്കുന്നത്. ശേഷമാണ് ഇവർ മക്കളിൽ നിന്നും തുക ഈടാക്കി തുടങ്ങിയത്. ഇവർക്ക് അഞ്ച് മക്കളുണ്ട്. അവർക്കൊക്കെ കുടുംബവും. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങളൊന്നും അവർക്ക് തോന്നിയില്ല. ഇത്തവണ അങ്ങനെ ക്രിസ്മസിന് ഓരോരുത്തരുടെയും അടുത്ത് നിന്നും ഇതുവരെ കിട്ടിയ തുക ആകെ £180 (ഏകദേശം 18,000 രൂപ) ആണ്.
പണപ്പെരുപ്പവും ദിവസേന എന്നോണം കൂടിവരുന്ന ജീവിതച്ചെലവും കണക്കിലെടുത്ത് കരോലിൻ ഇത്തവണ മക്കളിൽ നിന്നും വാങ്ങുന്ന തുക വർദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു. മൂന്ന് പെൺമക്കളോടും ഇപ്പോൾ ഏകദേശം $15.21 (1600 രൂപ) നൽകണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 1300 രൂപയാണ് അവർ നൽകിയിരുന്നത്. അതേസമയം രണ്ട് ആൺമക്കളും ഏകദേശം 2000 രൂപ വീതം നൽകുന്നു. പേരക്കുട്ടികൾ ഏകദേശം 330 രൂപയാണ് ക്രിസ്മസ് ആഘോഷത്തിനായി മുത്തശ്ശിക്ക് നൽകുന്നത്.
സാധനങ്ങൾക്കൊക്കെ നല്ല വിലയാണ്. അതിനാൽ തന്നെ ചെലവ് നാം കരുതുന്നിടത്തൊന്നും നിൽക്കില്ല. അതുകൊണ്ട് ഇതല്ലാതെ വേറെ മാർഗങ്ങളില്ല എന്നാണ് കരോലിൻ പറയുന്നത്. ചിലരൊക്കെ മക്കളിൽ നിന്നും ഭക്ഷണത്തിന് കാശ് വാങ്ങുന്ന അമ്മ എന്നും പറഞ്ഞ് കരോലിനെ വിമർശിക്കാറുണ്ട്. എന്നാൽ, കരോലിൻ അതൊന്നും കാര്യമാക്കുന്നേയില്ല. അതേസമയം തന്നെ ഇത് നല്ല ഐഡിയയാണ് എന്ന് പറഞ്ഞ് കരോലിനെ അഭിനന്ദിക്കുന്നവരും കുറവല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]