

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി സപ്ലൈകോയുടെ ക്രിസ്മസ് ഫെയറുകളെയും ബാധിച്ചു ; കൊട്ടിഘോഷിച്ച് ക്രിസ്മസ് ഫെയറുകള്‍ പ്രഖ്യാപിച്ചെങ്കിലും ഒരിടത്തും സബ്സിഡി സാധനങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.
തൃശ്ശൂർ : ക്രിസ്മസിന് രണ്ടു ദിവസം ബാക്കിനില്‍ക്കെയാണ് ഫെയറുകള്‍ നോക്കുകുത്തികളാകുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഈ മാസം 30 വരെ പ്രത്യേക ക്രിസ്മസ് ന്യൂ ഇയര്‍ ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
തൃശൂര്‍ വടക്കേ ബസ്സ്റ്റാൻഡിനു സമീപം ആരംഭിച്ച ക്രിസ്മസ് ചന്തയില്‍ സബ്സിഡി സാധനങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ വൻ പ്രതിഷേധമാണുണ്ടായത്. പ്രതിഷേധം ഉയര്‍ന്നതോടെ ചന്ത ഉദ്ഘാടനം ചെയ്യാനാകാതെ മേയറും എംഎല്‍എയും മടങ്ങി. ഇന്നലെ രാവിലെ സാധനങ്ങള്‍ വാങ്ങാനായി നിരവധിപ്പേര്‍ എത്തിയിരുന്നു. ഉദ്ഘാടനച്ചടങ്ങിനു മുന്‍പേ ക്യൂ നിന്നവര്‍ക്കു സാധനങ്ങള്‍ കൊടുത്തുതുടങ്ങാൻ മേയര്‍ എം.കെ. വര്‍ഗീസ് നിര്‍ദേശിച്ചു. തുടര്‍ന്നാണ് സബ്സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചത്.
ക്യൂ നിന്നവരും നാട്ടുകാരും പ്രതിഷേധവും തുടങ്ങി.ഇതോടെ ക്രിസ്മസ് ചന്ത ഉദ്ഘാടനം ഒഴിവാക്കുകയാണെന്ന് അറിയിച്ച് മേയറും പി. ബാലചന്ദ്രൻ എംഎല്‍എയും മടങ്ങുകയായിരുന്നു. സബ്സിഡി സാധനങ്ങളായി ചെറുപയറും വെളിച്ചെണ്ണയും മാത്രമാണു ചന്തയില്‍ ഉണ്ടായിരുന്നത്. ജീവനക്കാരോടു ചോദിച്ചപ്പോള്‍, രണ്ടു ദിവസം കഴിഞ്ഞ് എത്തുമെന്നായിരുന്നു മറുപടി. എന്നാല്‍, ക്രിസ്മസ് കഴിഞ്ഞു സാധനങ്ങള്‍ കിട്ടിയാല്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയുമോയെന്നു നാട്ടുകാര്‍ ചോദിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തൊഴിലുറപ്പുതൊഴിലിനു പോകാതെയും ജോലിയില്‍നിന്നു ലീവെടുത്തുമാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങാൻ എത്തിയിരുന്നത്. ചന്തകളില്‍ 13 ഇനം സബ്സിഡി ഇനങ്ങളാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അരി, ചെറുപയര്‍, വെളിച്ചെണ്ണ, മല്ലി എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതും വിലക്കൂടുതലായിരുന്നു. 1600 ഓളം ഔട്ട്ലറ്റുകളില് വില്പന ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
ജില്ലാ ചന്തകളില്‍ ഹോര്‍ട്ടികോര്‍പിന്റെയും മില്‍മയുടെയും സ്റ്റാളുകള്‍ ഉണ്ടാകുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു. ഓണച്ചന്തകള്‍ക്കു സമാനമായി സബ്സിഡി ഇതര സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കാനും സപ്ലൈകോ ആലോചിക്കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. സബ്സിഡിയുള്ള സാധനങ്ങള്‍ക്കുപുറമെ നോണ്‍ സബ്സിഡി സാധനങ്ങള്‍ അഞ്ചു മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ഫെയറില്നിന്നു വാങ്ങാം. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കും 30 ശതമാനംവരെ വിലക്കുറവ് ഫെയറുകളില്‍ ലഭിക്കുമെന്നും പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]