
നവകേരള സദസിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരായി കേസെടുത്തുവെന്ന് കൂടി മുഖ്യമന്ത്രി പിണറായി വിജയൻ പറയണമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. നവകേരള സദസ് ബസിനെതിരായ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി കേസെടുത്ത നടപടിയിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ( rahul mankoottathil on case against vineetha vg )
‘നവകേരള സദസിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇത് കൂടി പിണറായി വിജയൻ പ്രതിദിന തള്ളിന്റെ കൂട്ടത്തിൽ തള്ളണം- മാധ്യമ സ്വാതന്ത്ര്യത്തിനെതിരായി കേസെടുത്തുവെന്ന്. മുഖ്യമന്ത്രി നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും കാണുന്നില്ല. മുഖ്യമന്ത്രിയുടെ വണ്ടിയുടെ മുന്നിലൂടെ ഒരാൾ ആക്രമിക്കപ്പെട്ടാലോ, സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസുകാരെ തല്ലിയാലോ കാണുന്നില്ല. നവകേരള സദസിലൂടെ പരാതി കൊടുത്താലേ കാണൂ’- രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിന്റെ സെമിനാർ സംഘടിപ്പിക്കാമെന്ന് പറഞ്ഞ് ദയവ് ചെയ്ത് ഇനി സിപിഐഎം നേതാക്കൾ വരരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. നവകേരള സദസ് കഴിയുമ്പോൾ മുഖ്യമന്ത്രിയുടെ മനോനില പരിശോധിക്കണമെന്നും, ഒരു ഏകാധിപതിയുടെ മനോനിലയിലേക്ക് അദ്ദേഹം എത്തിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.
Story Highlights: rahul mankoottathil on case against vineetha vg
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]