
വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ട്വന്റിഫോർ ചാനലിലെ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന്റെ പരമ്പരാഗതമായ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ( k sudhakaran on case against vineetha vg )
നിർഭയവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണ് മാധ്യമപ്രവർത്തകയ്ക്കെതിരെ ഗുരുതരമായ വകുപ്പുകളിട്ട് കേസെടുത്ത പൊലീസിന്റെ നടപടി. ഒരു മാധ്യമ പ്രവർത്തക അവരുടെ ജോലി ചെയ്താൽ അത് എങ്ങനെയാണ് ഗൂഢാലോചനയാകുമെന്ന് ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്നത് പോലെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാമെന്നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാരും മനക്കോട്ട കെട്ടുന്നത്. മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിലൂടെ പിണറായി സർക്കാർ ജനാധിപത്യത്തെ വ്രണപ്പെടുത്തുകയാണ്. പ്രതിഷേധിക്കാനും അഭിപ്രായം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇടതുസർക്കാർ നടപടി. മാധ്യമപ്രവർത്തകക്കെതിരെ എടുത്ത പൊലീസ് നടപടിയെ ശക്തമായി കെപിസിസി അപലപിക്കുന്നെന്നും കേസ് പിൻവലിച്ച് മാധ്യമ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.
നവകേരള സദസിന്റെ വാഹനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 120(ബി) കുറ്റകരമായ ഗൂഢാലോചനയെന്ന വകുപ്പ് പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകൾ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് ചീഫ് എഡിറ്റർ ആർ.ശ്രീകണ്ഠൻ നായർ ആവശ്യപ്പെട്ടു. കേസ് നിയപരമായി തന്നെ നേരിടുമെന്നും ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി.
Story Highlights: k sudhakaran on case against vineetha vg
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]