
കൊച്ചി: 2021 ലെ പാണ്ടോര പേപ്പറിൽ പേരുവന്ന മലയാളികളുടെ ഔട്സോഴ്സിങ് സ്ഥാപനത്തിൽ ഇൻകംടാക്സ് റെയ്ഡ്. കൊച്ചിയിലെ സ്പെക്ട്രം സോഫ് ടെക്കിലാണ് പരിശോധന നടന്നത്. രാജ്യത്തേക്ക് എത്തേണ്ട നൂറു കോടിയോളം രൂപ കടലാസ് കമ്പനികളുണ്ടാക്കി ബ്രിട്ടീഷ് വെർജിൻ ഐലന്റിൽ നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. ആം ആദ്മി പാർടിയുടെ മുൻ കോഡിനേറ്റർ മനോജ് പദ്മനാഭനെതിരെയും ഇതില്‍ അന്വേഷണമുണ്ട്.
കൊച്ചി എം.ജി റോഡിലെ സ്പെക്ട്രം സോഫ്ട് ടെക് എന്ന സ്ഥാപനത്തില്‍ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ അടക്കം അമേരിക്കയിലേക്കുളള ഔട് സോഴ്സിങ്ങാണ് പ്രധാനമായും ചെയ്യുന്നത്. 2021ൽ പുറത്തുവന്ന പാണ്ടോര പേപ്പറിലാണ് സ്ഥാപനത്തെപ്പറ്റി ആദ്യ സൂചനകള്‍ വന്നത്. കൊച്ചിയിലെ അടക്കം ഔട് സോഴ്സിങ് ജോലികൾക്കായി അമേരിക്കയിൽ നിന്ന് ലഭിച്ച പ്രതിഫലം വ്യാജ കമ്പനികളുണ്ടാക്കി ബ്രിട്ടീഷ് വെർജിൻ ഐലന്റിലേക്ക് കൊണ്ടു പോയെന്നായിരുന്നു കണ്ടെത്തൽ. ഇത് കേന്ദ്രീകരിച്ച് കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് നൂറുകോടിയോളം രൂപ രാജ്യത്തെത്താതെ വഴിതിരിച്ചു വിട്ടതെന്ന് വ്യക്തമായത്.
ഇതിനായി ദുബായിലും ഷെൽ കമ്പനികളുണ്ടാക്കി. മലയാളികളായ മനോജ് പദ്മനാഭൻ, ക്ലീറ്റസ് ജോബ്, ജോസഫ് കുരിശിങ്കൽ തുടങ്ങിയവരാണ് സ്ഥാപനത്തിന്റെ സാരഥികൾ. ആം ആദ്മി പാർടിയുടെ കേരള കോഡിനേറ്ററായി മനോജ് പദ്മനാഭൻ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. നികുതി വെട്ടിച്ച് രാജ്യത്തിന് പുറത്തേക്ക് പണം കടത്തിയതിന്റെ രേഖകളും ഇക്കൂട്ടത്തിലുണ്ട്.
Last Updated Dec 23, 2023, 1:46 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]