
കണ്ണൂര്: കണ്ണൂർ തളിപ്പറമ്പിൽ ഓൺലൈൻ തട്ടിപ്പിലൂടെ 17 ലക്ഷം തട്ടിയയാൾ പിടിയിൽ. കാസർകോട് സ്വദേശി അബ്ദുൽ സമദാനിയാണ് പിടിയിലായത്. കടന്നപ്പള്ളി സ്വദേശിയുടെ പരാതിയിന്മേലാണ് പൊലീസ് നടപടി.
ഡിസ്കൗണ്ട് നിരക്കിൽ വിവിധ കമ്പനികളുടെ ഷെയർ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. വാട്സ്ആപ്പ് ചാറ്റ് വഴി ആളുകളെ കയ്യിലെടുക്കും. ഇതാണ് കാസർഗോഡ് സ്വദേശി അബ്ദുൽ സമദാനിയുടെ പതിവ് രീതി. കഴിഞ്ഞ മെയ് 21നും ജൂൺ 14 നും ഇടയിൽ കടന്നപ്പള്ളി സ്വദേശിയിൽ നിന്നും തട്ടിപ്പിലൂടെ 17 ലക്ഷം രൂപയാണ് ഇയാൾ കൈക്കലാക്കിയത്. ദിയ, ലോകേഷ് പട്ടേൽ എന്നീ പേരുകളിൽ ആയിരുന്നു ഇത്തവണ സമദാനി തട്ടിപ്പ് നടത്തിയത്. കടന്നപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നിൽ മലയാളികൾ ആണെന്ന് മനസ്സിലായത്.
മറ്റൊരു തട്ടിപ്പ് കേസിൽ സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന സമദാനിയെ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടുപ്രതി എറണാകുളം സ്വദേശി ജബ്ബാറിനെ നേരത്തെ പരിയാരം പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ മൂന്നാമൻ ഷമീർ ഒളിവിലാണ്. കൂടുതൽ കണ്ണികൾ തട്ടിപ്പിൽ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അബ്ദുൾ സമദാനിയെ വിശദമായി ചോദ്യം ചെയ്യാനായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]