
കുത്തനെ ഉയരുന്ന വിലക്കയറ്റത്തിൽ പെരുതിമുട്ടകയാണ് ഹോട്ടൽ റെസ്റ്റോറന്റ് ഉടമകൾ. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർദ്ധിച്ചതോടെ ഹോട്ടൽ വ്യവസായവും കൂപ്പുകുത്തുന്നത് നഷ്ടത്തിലേക്കാണ്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1810.50 ലേക്ക് ഉയർന്നു. നേരത്തെ 1749 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില. വില വീണ്ടും ഉയർന്നതോടെ ഹോട്ടൽ ഭക്ഷണത്തിനും വില കൂട്ടുകയല്ലാതെ മറ്റു മാർഗമില്ലെന്ന് ജില്ലയിലെ ഹോട്ടലുടമകൾ പറയുന്നത്. പലയിടത്തും വിഭവങ്ങൾക്കു വില കൂട്ടിയിട്ടുണ്ടെങ്കിലും പുതുക്കിയ വിലവിവര പട്ടിക വച്ചിട്ടില്ല. ഓരോ ഹോട്ടലുകളിലും വിഭവങ്ങളുടെ വിലയും വ്യത്യാസമുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് വില നിശ്ചയിക്കാൻ ഭക്ഷണം നിർമിക്കുന്നവർക്ക് അവകാശമുണ്ടെന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് ഹോട്ടൽ ഉടമകളുടെ പ്രതികരണം. ബിരിയാണി, ഊണ്, ചൈനീസ്, നോർത്ത് ഇന്ത്യൻ വിഭവങ്ങൾക്കാണ് വില വ്യത്യാസമുള്ളത്.
പ്രതിസന്ധി സൃഷ്ടിക്കുന്ന ചേരുവകൾ
പാചകവാതക സിലണ്ടറിനു പുറമെ ഭക്ഷണം പാകം ചെയ്യാനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെയും വിലയും വർദ്ധിക്കുകയാണ്. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർദ്ധന ഹോട്ടൽ വ്യവസായത്തിന് ഏൽപ്പിക്കുന്ന പ്രഹരവും വലുതാണ്. വിലക്കയറ്റ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന നഗരമേഖലകളിലെ ഹോട്ടലുകളിലാണ് ഭക്ഷണ വില നേരിയ തോതിൽ വർദ്ധിപ്പിച്ചത്. എന്നാൽ ചെറിയ ടൗണുകളിലും ഗ്രാമീണ മേഖലകളിലും കാര്യമായ വില വർദ്ധന നടപ്പാക്കിയിട്ടില്ല.
ഹോട്ടലുകളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന മൈദയ്ക്കും ഭക്ഷ്യ എണ്ണയ്ക്കും അനുദിനം വില ഉയരുകയാണെന്നും ഹോട്ടലുടമകൾ പറയുന്നു. അടുത്തിടെ വെളിച്ചെണ്ണ വില 240 രൂപയിലേക്ക് ഉയർന്നിരുന്നു. സൺഫ്ളവർ ഓയിലിനും പാംഓയിലിനുമെല്ലാം വില കൂടി. ഇതിനു പുറമെ ഇറച്ചിക്കും വിലയും കുറയാതെ നിൽക്കുന്നു. മത്തി അടക്കമുള്ള മത്സ്യവില കുറഞ്ഞു നിൽക്കുന്നത് ചെറിയ ആശ്വാസമാണെന്നു ഹോട്ടലുടമകൾ പറയുന്നു.
വിലക്കയറ്റത്തിന് അനുസരിച്ചു ഭക്ഷണപദാർത്ഥങ്ങൾക്കു വില കൂട്ടിയാൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. വാരനിരിക്കുന്ന വൈദ്യുത ബിൽ വർദ്ധന, വാട്ടർ ബിൽ എന്നിവക്കു പുറമേ സ്വന്തമായി കെട്ടിടമില്ലാത്തവർക്കും വാടകയും കൂടി നൽകേണ്ടി വരുമ്പോഴേക്കും സ്ഥിതി അതീവ പരിതാപകരമാണ്. ഇതിനിടയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അടിക്കടിയുള്ള പരിശോധന. പിഴയും കൈമടക്കുമായി വലിയ തുക ഇതിന് മാറ്റിവയ്ക്കേണ്ടി വരുമെന്നും ഹോട്ടൽ ഉടമകൾ രഹസ്യമായി പറയുന്നു.
ഹോട്ടലുകൾ പൂട്ടുന്നു
വിലക്കയറ്റത്തിൽ പൊറുതിമുട്ടി നഷ്ടം സഹിച്ച് നടത്തിക്കൊണ്ടു പോകാൻ കഴിയാത്തതിനാൽ സമീപകാലത്ത് നിരവധി ഹോട്ടലുകൾ ജില്ലയിൽ അടച്ചു പൂട്ടിയെന്നാണ് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. അനധികൃത വഴിയോര തട്ടുകടകളും ഹോട്ടലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ലൈസൻസും ഫീസും മറ്റു വൻചാർജുകളും നൽകി ഹോട്ടലുകൾ പ്രവർത്തിക്കുമ്പോഴാണ് ഇവയൊന്നുമില്ലാതെ റോഡരികിൽ ഷീറ്റ് വലിച്ചുകെട്ടി അനധികൃത കച്ചവടക്കാർ പണം കൊയ്യുന്നതെന്ന് ഇവർ പറയുന്നു. ആരംഭിച്ച് മാസങ്ങൾ കൊണ്ട് ഹോട്ടലുകൾ പൂട്ടിപ്പോകുകയോ മറ്റൊരു കടയായി മാറുകയോ ഉടമ മാറുകയോ ചെയ്യുന്നതും പതിവാണെന്നും പറയുന്നു.
വാടകയിലും ജി.എസ്.ടി. വർദ്ധന
ഹോട്ടൽ വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി വാടകയിലും ജി.എസ്.ടി വർദ്ധന. ഇനി മുതൽ വാടകയ്ക്ക് മേൽ പതിനെട്ടു ശതമാനം ജി.എസ്.ടി കൂടി വരുന്നതോടെ നടത്തിപ്പുകാർക്ക് വലിയ ബാദ്ധ്യതയാണ് വന്നുചേരുന്നത്. കെട്ടിട ഉടമകൾക്ക് ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലെങ്കിൽ വാടകക്കാരായ വ്യാപാരികൾ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി നൽകണമെന്നാണ് ജി.എസ്.ടി കൗൺസിലിന്റെ പുതിയ തീരുമാനം. അടിക്കടിയുള്ള പാചകവാതക വിലക്കയറ്റം മൂലമുള്ള പ്രതിസന്ധിക്ക് പിന്നാലെയാണ് വാടകക്ക് മേലുള്ള ജി.എസ്.ടിയും വഹിക്കേണ്ട സ്ഥിതിയുള്ളത്. ഇതോടെ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ചെറുകിട ഹോട്ടൽ വ്യാപാരികളാണ്. ജില്ലയിൽ അയ്യായിരത്തോളം ഹോട്ടലുകളുണ്ട്. ഇവയിൽ മിക്കവയും വാടക കെട്ടിടത്തിലാണ് പ്രവർക്കുന്നത്. തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങൾക്കും വാടക നൽകണം. അരലക്ഷത്തോളം തൊഴിലാളികൾ ഹോട്ടൽ മേഖലയെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. പുതിയ തീരുമാനത്തിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധനവുമായി രംഗത്ത് വന്നിട്ടുണ്ട്.
”ഹോട്ടൽ വ്യവസായത്തിൽ എല്ലാ മേഖലയിലും പീഡിപ്പിക്കപ്പെടുകയാണ്.18 ശതമാനം ജി.എസ്.ടി എന്നത് അംഗീകരിക്കാൻ കഴിയില്ല.സർക്കാർ ജി. എസ്. ടി അപാകത പരിഹരിക്കണം. ഹോട്ടലുകളെ എം. എസ്. എം. ഇയിലേക് ചേർക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവുണ്ടെങ്കിലും ,സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം അത് നടപ്പിലാക്കാൻ കഴിയാതെ വരികയാണ്. വിലക്കയറ്റം ദിനംപ്രതി വർദ്ധിക്കുമ്പോഴുംപൊതു വിപണിയെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയാത്തതും വലിയ വീഴ്ചയാണ്.”
ബാലകൃഷ്ണ പൊതുവാൾ,
സംസ്ഥാന ജനറൽ സെക്രട്ടറി,
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]