
.news-body p a {width: auto;float: none;} ഒന്നാം ടെസ്റ്റ്: ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്ത്. ഓസ്ട്രേലിയ 67/7 ഇന്നലെ വീണത് 17 വിക്കറ്റ്, എല്ലാ വിക്കറ്റും പേസ് ബൗളർമാർക്ക് പെർത്ത്: ബോർഡർ – ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിന്റെ ആദ്യദിനം തീതുപ്പുന്ന പെർത്തിലെ പിച്ച് പേസർമാരുടെ പറുദീസയും ബാറ്റർമാരുടെ ശവപ്പറമ്പുമായി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓസ്ട്രേലിയൻ പേസ് കെണിയിൽ വീണ് 150 റൺസിന് ഓൾഔട്ടായി.
എന്നാൽ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യൻ പേസർമാർ ക്യാപ്ടൻ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ഓസീസ് ബാറ്റിംഗ് നിരയെ ചീട്ട് കൊട്ടാരം പോലെ തകർത്തു. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 67/7 എന്ന നിലയിൽ വലിയ പ്രതിസന്ധിയിലാണ് ആതിഥേയർ.
മൂന്ന് വിക്കറ്റ് മാത്രം കൈയിലിരിക്കേ ഇന്ത്യയേക്കാൾ 83 റൺസ് പിന്നിലാണ് ഓസീസ്. ഇന്നലെ 17 വിക്കറ്റാണ് ആകെ വീണത്.
മുഴുവൻ വിക്കറ്റും നേടിയത് പേസർമാരും മീഡിയം പേസർമാരുമാണ്. ഓസീസന്റെ നാഥാൻ ലയൺ മാത്രമാണ് ഒന്നാം ദിനം ബൗൾ ചെയ്ത ഏക സ്പിൻ ബൗളർ.
ഓസ്ട്രേലിയ ഇന്നലെ 27 ഓവർ ബാറ്റ്ല ചെയ്തെങ്കിലും ഇന്ത്യൻ ക്യാപ്ടൻ ബുംറ ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ വാഷിംഗ്ടൺ സുന്ദറിന് പന്ത് നൽകിയില്ല. 41 റൺസെടുത്ത ഇന്ത്യയുടെ അരങ്ങേറ്റക്കാരൻ നിധീഷ് കുമാർ റെഡ്ഡിയാണ് ഇന്നലത്തെ ടോപ് സ്കോർ.
ഇന്ത്യൻ ജേഴ്സിയിൽ നിതീഷ് കുമാറും ഹർഷിത് റാണയും ഓസീസിനായി നാഥാൻ മക്സ്വീനിയും അരങ്ങേറ്രം കുറിച്ചു. ദേ വന്നു ദാ പോയി ഓസീസ് പോലും കൺഫ്യൂഷനിലായിരുന്നു വേഗമേറിയ പിച്ചിൽ ടോസ് േനേടിയ ഇന്ത്യൻ ക്യാപ്ടൻ ബുംറ ബാറ്റിംഗ് തിരഞ്ഞെടുക്കുകകയായിരുന്നു, യശ്വിസി ജയ്സ്വാളും കെ.എൽ രാഹുലുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ.
നിലയുറപ്പിക്കും മുന്നേ യശ്വസിയെ (0) അരങ്ങേറ്റക്കാരൻ മക്സ്വീനിയുടെ കൈയിൽ എത്തിച്ച് മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. മൂന്നാമനായെത്തിയ കർണാക സ്വദേശിയായ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ (0) ഹാസൽവുഡ് കീപ്പർ അലക്സ് കാരെയുടെ കൈയിൽ എത്തിച്ച് ഡെക്കാക്കി.23 ബാൾപടിക്കൽ നേരിട്ടിരുന്നു, സൂപ്പർ താരം വിരാട് കൊഹ്ലിയേയും (5) ഹാസൽവുഡ് വന്നപോലെ മടക്കി.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന കെ.എൽ രാഹുൽ (27) സ്റ്റാർക്കിന്റെ പന്തിൽ വിവാദ വിക്കറ്റായതോടെ 47/4 എന്ന നിലയിലായി ഇന്ത്യ. അലക്സ് കാരെയാണ് ക്യാച്ചെടുത്തത്.
ഡി.ആർ.എസ് തീരുമാനത്തിൽ തൃപ്തനല്ലാതെയാണ് രാഹുൽ മടങ്ങിയത്. പിന്നീട് ധ്രുവ് ജൂറൽ (11), വാഷിംഗ്ൺ സുന്ദർ (4)എന്നിവരെ മിച്ചൽ മാർഷ് മടക്കിയതോടെ 73/6 എന്ന നിലയിൽ പ്രതിസന്ധിയിലായി ഇന്ത്യ.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച പന്തും (37) നിതീഷും ഏഴാം വിക്കറ്റിൽ 85 പന്തിൽ 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷിച്ചു. പന്തിനെ പുറത്താക്കി ക്യാപ്ടൻ പാറ്റ് കമ്മിൻസാണ് ഓസീസിന് ബ്രേക്ക് ത്രൂ നൽകിയത്.
പന്ത് 3 ഫോറും 1 സിക്സും നേടി. ഹർഷിത് (7), ബുംറ (8) എന്നിവരെ ഹാസൽവുഡ് വീഴ്ത്തി.
നിതീഷിനെ പുറത്താക്കി കമ്മിൻസാണ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടത്. ഓസീസിനായി ഹാസൽവുഡ് നാലും കമ്മിൻസ്, സ്റ്റാർക്ക്, മാർഷ് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ബുംമ്രാസ്ത്രം തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിനെ ബുംറയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ എറിഞ്ഞൊതുക്കി. 10 ഓവറിൽ 3 മെയ്ഡനുൾപ്പെടെ 17 റൺസ് നൽകി ബുംറ 4 വിക്കറ്റ് വീഴ്ത്തി.
സിറാജ് 2ഉം ഹർഷിത് 1 വിക്കറ്റും വീഴ്ത്തി. മക്സ്വീനിയെ (10) വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ബുംറ തുടങ്ങിയത്.
7-ാം ഓവറിൽ ഉസ്മാൻ ഖ്വാജയേയും (8), സ്റ്റീവ് സ്മിത്തിനേയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ബുംറ ഓസീസിനെ ഞെട്ടിച്ചു. ആ ഓവർ മെയ്ഡനുമായിരുന്നു.
ലബുഷെയ്ൻ സ്ലിപ്പിൽ നൽകിയ ക്യാച്ച് കൊഹ്ലി വിട്ടെങ്കിലു അത് മുതലാക്കാൻ ഓസീസ് താരത്തിനായില്ല. 52 പന്ത് നേരിട്ട് 2 റൺസെടുത്ത ലെബുഷെയ്നെ സിറാജ് എൽ.ബിയാക്കി.
ട്രാവിസ് ഹെഡ് (11). മാർഷ് (6), കമ്മിൻസ് (3) എന്നിവരാണ് പുറത്തായ മറ്റ്ഓസീസ് ബാറ്റർമാർ.
അലക്സ് കാരെയും (19), സ്റ്റാർക്കുമാണ് (6) ക്രീസിലുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]