റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുമ്പോള് പല തരത്തിലുള്ള പ്രശ്നങ്ങളും നേരിടാം. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള രുചിയാകണമെന്നില്ല, ഗുണമേന്മ ഉറപ്പുവരുത്താൻ സാധിക്കില്ല, ശുചിത്വം ഉറപ്പുവരുത്താൻ സാധിക്കില്ല എന്നിങ്ങനെ പല പ്രശ്നങ്ങളും നേരിടാം.
എന്ന് മാത്രമല്ല- നമ്മള് മുമ്പ് കഴിച്ച് ശീലിച്ചിട്ടില്ലാത്ത വിധം ഭക്ഷണമാണെങ്കില്‍ അതിന്റെ രുചിയോ മറ്റ് പ്രത്യേകതകളോ നമ്മളെ ചിലപ്പോള്‍ അല്പസമയത്തേക്കെങ്കിലും വെട്ടിലാക്കുകയും ചെയ്യാം. ഇത്തരത്തില്‍ വിദേശികളില്‍ നിരവധി പേര് വെട്ടിലായിപ്പോകാറുള്ള ഭക്ഷണമാണ് ഇന്ത്യക്കാരുടേത്.
മറ്റൊന്നുമല്ല- ഇന്ത്യൻ ഭക്ഷണം പൊതുവില്‍ അല്പം സ്പൈസിയാണല്ലോ. എരിവും മസാലക്കൂട്ടുകളുടെ രുചിയുമെല്ലാം നമ്മുടെ മിക്ക വിഭവങ്ങളിലുമുണ്ടായിരിക്കും. സവിശേഷിച്ചും കറികള്‍ എല്ലാം ഇങ്ങനെ തന്നെ.
പക്ഷേ ഇത്രയും സ്പൈസിയായ ഭക്ഷണം പലപ്പോഴും വിദേശരാജ്യങ്ങളിലുള്ളവരുടെ അഭിരുചിക്ക് അനുയോജ്യമാകാറില്ല. ധാരാളം പരാതികള്‍ ഇങ്ങനെ ഇന്ത്യൻ ഭക്ഷണത്തെ കുറിച്ച് കേള്‍ക്കാറുമുണ്ട്. അതേസമയം സ്പൈസിയാണെങ്കിലും ഇന്ത്യൻ ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നവര്‍ അതിലേറെയാണ്. ഈ പ്രിയം മൂലം പല രാജ്യങ്ങളിലും വളരെ വിജയകരമായി ഇന്ത്യൻ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇപ്പോഴിതാ യുകെയിലെ ഒരിന്ത്യൻ റെസ്റ്റോറന്റിന് പുറത്ത് പതിപ്പിച്ചൊരു നോട്ടീസ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. എരിവുള്ള ഭക്ഷണം വാങ്ങിക്കൊണ്ടുപോയ ശേഷം അത് പരാജയമാകുമ്പോള്‍ ‘റീഫണ്ട്’ (പണം തിരികെ ചോദിക്കുന്നത്) ചോദിച്ചാല്‍ തരാൻ കഴിയില്ല എന്നാണ് നോട്ടീസിലുള്ളത്.
ഏറെ രസകരമായ ഈ അറിയിപ്പ് റെസ്റ്റോറന്റിലെ ഇന്ത്യൻ വിഭവങ്ങള്‍ കഴിച്ച് അതിലെ എരിവ് സഹിക്കാൻ വയ്യാതായ കസ്റ്റമേഴ്സിനെയെല്ലാം കാട്ടിത്തരുന്നതാണ്. അത്രയും പരാതി വിഭവങ്ങളിലെ എരിവിനെ ചൊല്ലി ഇവിടെ വന്നിട്ടുണ്ടായിരിക്കും, അതാണല്ലോ ഇങ്ങനെയൊരു നോട്ടീസ് പതിപ്പിക്കാൻ കാരണമെന്നും ഏതായാലും സംഗതി രസകരമായിട്ടുണ്ടെന്നുമെല്ലാം ധാരാളം പേര് കമന്റായി കുറിച്ചിരിക്കുന്നത്.
ധാരാളം പേര് സോഷ്യല്‍ മീഡിയയില്‍ ഈ നോട്ടീസിന്റെ ഫോട്ടോ പങ്കുവയ്ക്കുന്നുമുണ്ട്. ഇന്ത്യൻ വിഭവങ്ങളെ കുറിച്ച് പൊതുവില്‍ കേള്‍ക്കാറുള്ള പരാതി ശരിവയ്ക്കുന്നതാണെങ്കിലും ഇതിലെ തമാശയാണ് ഏവരും ആസ്വദിക്കുന്നത്.