മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരെയും ബാധിക്കുന്നൊരു ആശങ്കയാണ് മുടിയുടെ കട്ടി കുറഞ്ഞുപോകുന്നത്. വെള്ളത്തിന്റെ പ്രശ്നം തൊട്ട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ വരെയുള്ള കാരണങ്ങള്‍ മുടി കൊഴിച്ചിലിലേക്കും മുടി പൊട്ടിപ്പോകുന്നതിലേക്കും മുടിയുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിലേക്കും നയിക്കുന്നതോടെയാണ് മുടിയുടെ കട്ടി കുറഞ്ഞുവരുന്നത്.
നമ്മുടെ ജീവിതരീതികളില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ ചെറിയൊരു ശ്രദ്ധ പുലര്‍ത്താനായാല്‍ തന്നെ മുടിയുടെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിക്കാൻ സാധിക്കും.
മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല പോഷകങ്ങളുമുണ്ട്. ഇവയെല്ലാം തന്നെ പ്രാഥമികമായി നമുക്ക് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഇവയില്‍ കുറവുണ്ടാകുന്നത് തീര്‍ച്ചയായും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത്തരത്തില്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മുടിക്ക് കട്ടിയും തിളക്കവും കൂട്ടുന്നതിനും പതിവായി കഴിക്കാവുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്…
മുട്ടയാണ് ഈ പട്ടികയിലുള്‍പ്പെടുന്നൊരു ഭക്ഷണം. മുട്ട, പ്രോട്ടീന്റെ നല്ലൊരു സ്രോതസാണ്. പ്രോട്ടീനാണെങ്കില്‍ മുടി വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഘടകവും. മുട്ട പുഴുങ്ങിയോ, ഓംലെറ്റ് ആക്കിയോ എങ്ങനെ വേണമെങ്കിലും കഴിക്കാവുന്നതാണ്.
രണ്ട്…
നെല്ലിക്കയാണ് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പതിവായി കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. നെല്ലിക്കയിലുള്ള വൈറ്റമിൻ സി കൊളാജെൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് കാര്യമായി സഹായിക്കും. ഇത് ചര്‍മ്മത്തെയും മുടിയെയുമെല്ലാം ഒരുപോലെ പരിപോഷിപ്പിക്കും. ആരോഗ്യം മാത്രമല്ല മുടിയുടെ തിളക്കം കൂട്ടുന്നതിനും നെല്ലിക്ക നല്ലതാണ്.
മൂന്ന്…
ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നതും മുടിക്ക് കട്ടി കൂട്ടാനും മുടി ഭംഗിയായി വളരാനുമെല്ലാം സഹായിക്കും. ഇലകളിലുള്ള വൈറ്റമിൻ-എ, വൈറ്റമിൻ-സി, ഫോളേറ്റ് എന്നീ ഘടകങ്ങളെല്ലാമാണ് മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇവയ്ക്ക് പുറമെ അയേണും ഇലകളില്‍ കാര്യമായി അടങ്ങിയിരിക്കുന്നു. ഇതും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു.
നാല്…
ദിവസവും അല്പം നട്ട്സും സീഡ്സും കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കും. ബദാം, വാള്‍നട്ട്സ്, കശുവണ്ടി എന്നിങ്ങനെയുള്ള നട്ട്സും ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ്, പംകിൻ സീഡ്സ് പോലുള്ള വിത്തുകളും എല്ലാം ഇടകലര്‍ത്തി കഴിക്കാവുന്നതാണ്. ഇവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളാണ് പ്രധാനമായും മുടിക്ക് ഗുണകരമാകുന്നത്.
അഞ്ച്…
പൊടിക്കാത്ത ധാന്യങ്ങള്‍ കൊണ്ടുള്ള വിഭവങ്ങള്‍ പതിവായി കഴിക്കുന്നതും മുടിക്ക് ഏറെ നല്ലതാണ്. ഇവയിലുള്ള ബയോട്ടിൻ ആണ് മുടിക്ക് ഗുണകരമാകുന്നത്. മുടി വളര്‍ച്ചയ്ക്കും മുടിയുടെ തിളക്കത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്. ബാര്‍ലി, ഓട്ട്സ്, ബ്രൗണ്‍ റൈസ്, ഗോതമ്പ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
Also Read:- ശ്രദ്ധിക്കണേ ഷുഗര്‍ ക്യാൻസറിന് വഴിയൊരുക്കാം; നിങ്ങളറിയേണ്ടത്…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]