സെലിബ്രിറ്റികളോ, വലിയ പണക്കാരോ ആയ ദമ്പതികൾ വേർപിരിയുമ്പോൾ വലിയ തുകയുടെ നഷ്ടപരിഹാരം സംബന്ധിച്ച വാർത്തകൾ പുറത്തു വരാറുണ്ട്. എന്നാൽ ദമ്പതികളുടെ സ്വന്തം സ്ഥാപനത്തിന്റെ ഓഹരി വില കുത്തനെ ഇടിയുന്ന സംഭവം അത്ര പരിചിതമല്ല. റെയ്മണ്ട് ഗ്രൂപ്പിന്റെ ഓഹരി വിലയിലെ കനത്ത ഇടിവാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇടിവിന് കാരണമായതോ ഉടമയുടെ വിവാഹ മോചന വാർത്തയും. 32 വർഷത്തെ ബന്ധം അവസാനിപ്പിച്ച് ഭാര്യയും റെയ്മണ്ട് ബോർഡ് അംഗവുമായ നവാസ് സിംഘാനിയയിൽ നിന്ന് വേർപിരിയുന്നതായി നവംബർ 13 ന് ഉടമയായ ഗൗതം സിംഘാനിയ പ്രഖ്യാപിച്ചപ്പോൾ മുതൽ ഓഹരി വിലയിലുണ്ടായ ഇടിവ് 12% ആണ്. ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ 180 മില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത് . കഴിഞ്ഞ പത്താം തീയതി 1890 രൂപ വിലയുണ്ടായിരുന്ന റെയ്മണ്ട് ഓഹരി വില നിലവിൽ 1675 രൂപയാണ്.
ALSO READ: ‘എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു’; പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്
ഒത്തുതീർപ്പിന്റെ ഭാഗമായി ഗൗതം സിംഘാനിയയുടെ 1.4 ബില്യൺ ഡോളർ ആസ്തിയുടെ 75% വേണമെന്ന് നവാസ് സിംഘാനി ആവശ്യപ്പെട്ടതോടെയാണ് നിക്ഷേപകർ വലിയ തോതിൽ റെയ്മണ്ട് ഗ്രൂപ്പിന്റെ ഓഹരികൾ വിറ്റഴിക്കാനായി ആരംഭിച്ചത്. ഏതാണ്ട് 11,000 കോടി രൂപയുടെ ആസ്തിയാണ് ഗൗതം സിംഘാനിക്കുള്ളത്. ഇരുവരുടേയും വേർപിരിയലിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയെന്നും ഇത് കമ്പനിയെ എങ്ങനെ ബാധിക്കുമെന്ന് ആർക്കും അറിയില്ലെന്നുമാണ് ഓഹരി വിദഗ്ധർ വിലയിരുത്തുന്നത്. നവാസ് സിംഘാനി റെയ്മണ്ടിന്റെ ബോർഡ് അംഗമായതിനാൽ ഇത് ഒരു കോർപ്പറേറ്റ് ഭരണ പ്രശ്നം കൂടിയായി മാറിയിരിക്കുകയാണ്. മുംബൈ ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ തുണി നിർമ്മാതാക്കളിലൊന്നാണ് റെയ്മണ്ട് . ഇന്ത്യയിലെ സ്യൂട്ടിംഗ് വിപണിയിൽ റെയ്മണ്ടിന് 60% വിപണി വിഹിതമുണ്ട്. കമ്പനിയുടെ ടെക്സ്റ്റൈൽ ഡിവിഷന് ആഭ്യന്തര വിപണിയിൽ 4,000-ലധികം മൾട്ടി-ബ്രാൻഡ് ഔട്ട്ലെറ്റുകളും 637 എക്സ്ക്ലൂസീവ് റീട്ടെയിൽ ഷോപ്പുകളും ഉണ്ട്. 30,000 റീട്ടെയിലർമാർ മുഖേന 400-ലധികം പട്ടണങ്ങളിൽ റെയ്മണ്ട് സ്യൂട്ടുകൾ ലഭ്യമാണ്
Last Updated Nov 22, 2023, 5:45 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]