ദില്ലി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു. ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം സങ്കീര്‍ണമായതോടെയാണ് സെപ്തംബർ 21 ന് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ പരാമര്‍ശമാണ് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. ടൂറിസ്റ്റ് വിസ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്.
മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ കടുത്ത തീരുമാനങ്ങള്‍ നേരത്തെ ഇരു രാജ്യങ്ങളും കൈക്കൊണ്ടിരുന്നു. കാനഡ 41 നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ഇന്ത്യയിലെ മൂന്ന് റീജ്യണൽ ഓഫീസുകളിൽ വിസ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. നയതന്ത്ര പ്രതിനിധികളെ പിൻവലിച്ച കാനഡയുടെ നടപടിയെ അമേരിക്കയും യുകെയും പിന്തുണച്ചിരുന്നു. ഇന്ത്യ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിക്കുകയുണ്ടായി. എന്നാല്‍ കോൺസുലാർ സർവ്വീസ് നിർത്തിവച്ചത് വഴി സാധാരണക്കാരെ വലയ്ക്കുന്നത് കാനഡയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും പൌരന്മാര്ക്ക് യാത്രാ മുന്നറിയിപ്പുകളും നല്‍കിയിരുന്നു.
ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ കാനഡയെ അതൃപ്തി അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരുടെ ഫോണുകൾ ഉൾപ്പടെ നിരീക്ഷിക്കുന്നതിലാണ് അതൃപ്തി അറിയിച്ചത്. ഇത് വിയന്ന കൺവൻഷൻ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുകയുണ്ടായി. വിട്ടുകിട്ടേണ്ട ഭീകരരുടെ പട്ടിക കൈമാറിയിട്ടും കാനഡ ഇതിനു തയ്യാറാകുന്നില്ലെന്നും സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. റെഡ്കോണർ നോട്ടീസ് ഉണ്ടായിട്ടും ഹർദീപ് സിംഗ് നിജ്ജറിന് എങ്ങനെ കനേഡിയൻ പൗരത്വം കിട്ടിയെന്നത് അന്വേഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Last Updated Nov 22, 2023, 2:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]