ചെന്നൈ: സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾക്ക് ദിവസവും മൂന്ന് നേരവും സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം. ആദ്യഘട്ടത്തിൽ ചെന്നൈ കോർപ്പറേഷൻ പരിധിയിൽ പദ്ധതി നടപ്പാക്കും.
ഇതിനുശേഷം ഘട്ടംഘട്ടമായി മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. അതിരാവിലെ ജോലി തുടങ്ങേണ്ടിവരുന്ന തൊഴിലാളികൾക്ക് വീട്ടിൽ നിന്ന് ഭക്ഷണം പാചകം ചെയ്യാനും ജോലിസ്ഥലത്തേക്ക് കൊണ്ടുവരാനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഈ നടപടി സ്വീകരിച്ചതെന്നാണ് സർക്കാർ വൃത്തങ്ങളിലെ വിശദീകരണം. എന്നാൽ സർക്കാരിനെതിരെ വലിയ വിമർശനമുയർത്തി ശുചീകരണ തൊഴിലാളികൾ നേരത്തെ ചെന്നൈയിൽ സമരം ചെയ്തിരുന്നു.
ഈ സമരം പൊളിച്ച സർക്കാർ രാത്രി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും, സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്ത സ്ഥിതിയുണ്ടായി. സർക്കാർ നടപടിക്കെതിരെ വലിയ വിമർശനമുയർന്നിരുന്നു.
ഈ വിമർശനം മറികടക്കാനുള്ള നീക്കമാണ് ഭക്ഷണം സൌജന്യമാക്കിയതിലൂടെ സർക്കാർ നടത്തുന്നതെന്നും സൂചനകളുണ്ട്. സൗജന്യ ഭക്ഷണ വിതരണം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ചെന്നൈയിലെ തൊഴിലാളികൾക്കായി മൂന്ന് വർഷത്തേക്ക് 186.94 കോടി രൂപ അനുവദിച്ചതായി റിപ്പോർട്ടുകളുണ്ട്. സൗജന്യ ഭക്ഷണ പദ്ധതിക്ക് പുറമെ, ശുചീകരണ തൊഴിലാളികൾക്കായി ഇൻഷുറൻസ്, ഭവന പദ്ധതികൾ, ആരോഗ്യ ചികിത്സാ സഹായം, കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് തുടങ്ങി ആറ് പ്രത്യേക ക്ഷേമ പദ്ധതികളും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

