എസ്ബിഐ കാര്‍ഡ് ഉപഭോക്താക്കള്‍ക്കായി സേവന നിരക്കുകളിലും ഫീസ് ഘടനയിലും പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകള്‍ 2025 നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
വിദ്യാഭ്യാസ ഫീസ് അടയ്ക്കല്‍, മൊബൈല്‍ വാലറ്റ് ലോഡിങ്, കാര്‍ഡ് റീപ്ലേസ്മെന്റ് തുടങ്ങിയ സേവനങ്ങളെയാണ് മാറ്റങ്ങള്‍ പ്രധാനമായും ബാധിക്കുന്നത്. പുതുക്കിയ പ്രധാന നിരക്കുകൾ വിദ്യാഭ്യാസ ഫീസുകള്‍: സ്കൂൾ, കോളേജ്, സർവകലാശാല ഫീസുകൾ പോലുള്ളവ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ വഴി അടയ്ക്കുമ്പോൾ ഇടപാട് തുകയുടെ ഒരു ശതമാനം അധിക ചാര്‍ജായി ഈടാക്കും.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴിയോ അവിടുത്തെ പിഒഎസ് മെഷീനുകള്‍ ഉപയോഗിച്ചോ നേരിട്ട് പണമടയ്ക്കുന്നവർക്ക് ഈ അധിക ചാര്‍ജ് ബാധകമായിരിക്കില്ലെന്ന് എസ്ബിഐ കാര്‍ഡ് അറിയിച്ചിട്ടുണ്ട്. വാലറ്റ് ലോഡിങ്: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ വാലറ്റുകളിലേക്ക് പണം നിക്ഷേപിക്കുന്നതിനും പുതിയ ഫീസ് ഏർപ്പെടുത്തി.
1,000 രൂപയ്ക്ക് മുകളിലുള്ള ഓരോ വാലറ്റ് ലോഡിങ്ങിനും ഒരു ശതമാനം ഫീസ് നൽകേണ്ടിവരും. മറ്റ് നിരക്കുകളും പിഴകളും പണം, ചെക്ക് എന്നിവ വഴി പണമടയ്ക്കുന്നതിനും കാര്‍ഡ് മാറ്റി വാങ്ങുന്നതിനും നിലവിലുള്ള ഫീസുകളില്‍ മാറ്റമില്ലാതെ തുടരും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള ഫീസ്, ഇടപാട് തുകയുടെ 2.5 ശതമാനമാണ് (കുറഞ്ഞത് 500 രൂപ). കാര്‍ഡ് മാറ്റി വാങ്ങുന്നതിന് 100 രൂപ മുതല്‍ 250 രൂപ വരെയും, പ്രീമിയം ‘ഓറം’ കാര്‍ഡുകള്‍ക്ക് 1,500 രൂപയുമാണ് ഫീസ്.
വിദേശത്ത് അടിയന്തരമായി കാര്‍ഡ് മാറ്റി വാങ്ങേണ്ടി വന്നാൽ വിസ കാര്‍ഡുടമകൾ 175 രൂപയും മാസ്റ്റര്‍കാര്‍ഡ് ഉപഭോക്താക്കൾ 148 രൂപയും നൽകണം. ചെക്ക് വഴിയുള്ള പേയ്മെന്റിന് 200 രൂപയും, പണമായി അടയ്ക്കുന്നതിന് 250 രൂപയും ഫീസുണ്ട്.
ഇതുകൂടാതെ, പേയ്മെന്റ് മടങ്ങുന്ന സാഹചര്യമുണ്ടായാൽ ഇടപാട് തുകയുടെ 2 ശതമാനം (കുറഞ്ഞത് 500 രൂപ) പിഴയായി ഈടാക്കുന്നതാണ്. ലേറ്റ് പേയ്മെന്റ് ഫീസ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാത്ത പക്ഷം, അടയ്ക്കേണ്ട
തുക അനുസരിച്ച് ലേറ്റ് ഫീസ് ഈടാക്കും. നിരക്കുകള്‍ താഴെ പറയുന്നവയാണ്: 500 രൂപ വരെയുള്ള കുടിശ്ശികയ്ക്ക് ലേറ്റ് ഫീസ് ഇല്ല.
500 രൂപയ്ക്കും 1,000 രൂപയ്ക്കും ഇടയിലാണെങ്കിൽ 400 രൂപയും, 1,000 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയില്‍ 750 രൂപയും, 10,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയില്‍ 950 രൂപയും, 25,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയില്‍ 1,100 രൂപയും, 50,000 രൂപയ്ക്ക് മുകളിലാണെങ്കിൽ 1,300 രൂപയുമാണ് ലേറ്റ് ഫീസായി ഈടാക്കുക. തുടർച്ചയായി രണ്ട് ബില്ലിംഗ് സൈക്കിളുകളിൽ മിനിമം തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവരിൽ നിന്ന് 100 രൂപ അധികമായി ലേറ്റ് പേയ്മെന്റ് ചാര്‍ജ് ഈടാക്കുമെന്നും എസ്ബിഐ കാര്‍ഡ് വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

