
തിരുവനന്തപുരം: സിഎംആർഎല്ലിൽ നിന്നും വാങ്ങിയ പണത്തിന് മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനി ഐജിഎസ്ടി അടച്ചെന്ന ധനവകുപ്പ് റിപ്പോർട്ട് ആയുധമാക്കി മാസപ്പടി വിവാദം മറികടക്കാൻ സിപിഎം. റിപ്പോർട്ട് വന്നതോടെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് എകെ ബാലൻ ആവശ്യപ്പെട്ടു. ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നാണ് മാത്യുവിന്റെ മറുപടി. ചെയ്യാത്ത സേവനത്തിന് കിട്ടിയ പണത്തിന് നികുതി അടച്ചാൽ വിവാദം തീരുമോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് എകെ ബാലൻ ക്ഷുഭിതനായി.
മുഖ്യമന്ത്രിയും മകളും മാസങ്ങളായി വെട്ടിലായ മാസപ്പടി വിവാദത്തെ ഐജിഎസ് ടി റിപ്പോർട്ടിലൂടെ മറികടക്കാനാണ് സിപിഎമ്മിൻറെ രാഷ്ട്രീയനീക്കം. കോൺഗ്രസ് നേതൃത്വം തൊടാൻ മടിച്ചപ്പോൾ വിവാദം കടുപ്പിച്ച് ഉന്നയിച്ച മാത്യുവാണ് പ്രധാന ലക്ഷ്യം. സിഎംആർഎല്ലിൽ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ച 1.72 കോടിക്ക് നികുതി അടച്ചുവെന്ന സർക്കാർ റിപ്പോർട്ടാണ് പ്രധാന ആയുധം. ചെയ്യാത്ത സേവനത്തിനാണ് പണം നൽകിയതെന്ന ആദായ നികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡിൻറെ കണ്ടെത്തലിൽ മറുപടിയില്ല. ഇത് ആദ്യം സമ്മതിച്ച് പിന്നെ സിഎംആർഎൽ ഉദ്യോഗസ്ഥർ തിരുത്തികൊടുത്ത സത്യവാങ്മൂലം സ്വീകരിക്കാത്തതിൽ ആദായ നികുതി വകുപ്പിനെ പഴിച്ചും മാധ്യമങ്ങളോട് ക്ഷുഭിതനായും എല്ലാം ഐജിഎസ്ടിയിൽ തീർക്കുന്നു പാർട്ടി.
‘എക്സാലോജികിന്റെ ഭാഗത്ത് നിന്നും ഐടി അനുബന്ധ സേവനങ്ങളും സോഫ്റ്റ്വെയർ ഡെവലപ്മെന്റ് സേവനവും ലഭിച്ചെന്ന് സിഎംആർഎൽ സത്യവാങ്മൂലം നൽകിയതാണ്. ഇൻകം ടാക്സ് ഇന്ററിം സെറ്റിൽ റിഡ്രസൽ ഫോറം വീണയുടെ ഭാഗം കേട്ടില്ല. വീണയ്ക്ക് സിഎംആർഎൽ പണം നൽകിയതിൽ ഇൻകം ടാക്സിനും ജിഎസ്ടി വകുപ്പിനും പരാതിയില്ല.
മാത്യു കുഴൽനാടൻ മാപ്പ് പറയുന്നതാണ് പൊതുപ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അതദ്ദേഹം ചെയ്യുമെന്നാണ് താൻ കരുതുന്നത്. വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നൽകാമെന്ന് നേരത്തെ തന്നെ മാത്യു കുഴൽനാടനോട് താൻ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോൾസെയിൽ ഏജൻസിയാവുകയാണ് കേരളത്തിൽ യുഡിഎഫും കോൺഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുക എന്നുമായിരുന്നു എകെ ബാലന്റെ പ്രതികരണം.
അതേസമയം, ഐജിഎസ് ടി അടച്ചെന്ന കണ്ടെത്തൽ വരുമ്പോഴും മാത്യു വിടാൻ ഒരുക്കമല്ല. മാത്യുവിനറെ ഐജിഎസ്ടി പരാതി ശരിയല്ലെന്ന് സർക്കാർ റിപ്പോർട്ടിനായി കാത്തിരുന്ന സിപിഎം മാസപ്പടി ഡയറിയിലെ പിവി എന്നാൽ പിണറായി ആണെന്ന മൊഴികളടക്കം വിട്ട് ആക്രമണശൈലിയിലേക്ക് മാറുന്നു. അതേസമയം തന്നെ ചെയ്യാത്ത സേവനത്തിന് ലഭിച്ച പണത്തിന് നികുതി ഒടുക്കിയാൽ വിവാദം തീരുമോ, ആദായ നികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡിൻറെ തനിക്കെതിരായ കണ്ടെത്തൽ മാറ്റാനും മേൽ നിയമനടപടിക്കും എന്തുകൊണ്ട് വീണാ വിജയൻ ശ്രമിക്കുന്നില്ല എന്നീ സുപ്രധാന ചോദ്യങ്ങൾക്ക് ഉത്തരവുമില്ല.
‘എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ട്. വിഷയത്തിൽ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണ്. വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തിൽ കൂടുതൽ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങൾ വിശദമായി തന്നെ പറയും. താൻ മാപ്പ് പറയേണ്ടതുണ്ടോ ഇല്ലേയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. ഞാൻ പറഞ്ഞിടത്താണ് പിശകാണെങ്കിൽ മാപ്പ് പറയും. മറിച്ചാണെങ്കിൽ എന്താണെന്ന് എകെ ബാലൻ പറഞ്ഞിട്ടില്ല. ‘ – മാത്യു പ്രതികരിച്ചു.
Last Updated Oct 22, 2023, 8:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]