
ദില്ലി:ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രിയാന് പറഞ്ഞു. തൃണമൂല്‍ എം.പിയായ മഹുവ മൊയ്ത്രക്കെതിരായ ആരോപണത്തില്‍ ആദ്യമായാണ് ഒരു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രതികരിക്കുന്നത്. പാർലമെന്റ് സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷം പാർട്ടി വേണ്ട തീരുമാനമെടുക്കുമെന്നും ഡെറിക് ഒബ്രിയാന് പറഞ്ഞു. ഇക്കാര്യത്തില്‍ മഹുവയോട് നിലപാട് വിശദീകരിക്കാൻ നിർദേശിച്ചിരുന്നു. മഹുവ അത് വിശദീകരിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇതിനിടെ, മഹുവ മൊയിത്രയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തെത്തി. മഹുവ ഇന്ത്യയിലുള്ളപ്പോൾ പാർലമെന്റ് അക്കൗണ്ട് ദുബായിൽ ഉപയോഗിച്ചതിന് തെളിവുകിട്ടിയെന്ന് നിഷികാന്ത് ദുബെ അവകാശപ്പെട്ടു. വിവാദത്തിൽ തൃണമൂൽ കോൺഗ്രസിന് ഒരു വാക്ക് പോലും പറയാനില്ലെന്നും, ബന്ധപ്പെട്ടവർ മറുപടി പറയുമെന്നും ജനറൽ സെക്രട്ടറി കുനാൽ ഘോഷ് അറിയിച്ചു.
മഹുവ മൊയിത്രയുടെ പാർലമെന്റ് അക്കൗണ്ട് ഉപയോഗിച്ച് താൻ ചോദ്യങ്ങൾ അപ്ലോഡ് ചെയ്തെന്ന് നേരത്തെ വ്യവസായി ദർശൻ ഹിരാനന്ദാനി ലോക്സഭ എത്തിക്സ് കമ്മിറ്റിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു.
ഹിരാനന്ദാനി ദുബായിലാണ് താമസിക്കുന്നത്. മഹുവ ഇന്ത്യയിലുള്ളപ്പോൾ ദുബായിൽ അക്കൗണ്ട് തുറന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് അക്കൗണ്ട് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോമാറ്റികസ് സെൻറർ, എൻഐസി കണ്ടെത്തിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. അന്വേഷണ ഏജൻസികൾ എൻഐസിയിൽ നിന്ന് തെളിവ് ശേഖരിച്ചിട്ടുണ്ട്. രണ്ട് കോടി രൂപ ദർശൻ ഹീരനന്ദാനിയിൽ നിന്ന് മഹുവ കൈപ്പറ്റിയെന്നും ദുബെ ലോക്പാലിന് നല്തിയ പരാതിയിൽ ആരോപിച്ചു. എത്തിക്സ് കമ്മിറ്റിക്കും സിബിഐക്കും പുറമെയാണ് പരാതി ലോക്പാലിന് മുമ്പാകെയും എത്തുന്നത്. അതേസമയം വിവാദം കത്തുമ്പോൾ മഹുവ മൊയിത്രയെ പൂർണമായും കൈയൊഴിയുകയാണ് തൃണമൂൽ കോൺഗ്രസ്. എല്ലാം വ്യക്തമാകട്ടെ എന്നാണ് പാർട്ടി നേതാക്കളുടെ നിലപാട്.
Last Updated Oct 22, 2023, 3:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]