പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ ജനമധ്യത്തിൽ സ്വയം പരിഹാസ്യനാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ സംഘടിപ്പിക്കുന്ന കോൺക്ലേവുകളെ വിമർശിച്ച അദ്ദേഹം, ഉണ്ടായിരുന്ന ബഹുമാനം കൂടി മുഖ്യമന്ത്രി നഷ്ടപ്പെടുത്തിയെന്നും ഇത്രയധികം കാപട്യം കാണിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നുവെന്നും ചോദിച്ചു.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോ, അക്കാലത്ത് എടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാകുമോ എന്നിങ്ങനെയുള്ള പ്രതിപക്ഷത്തിൻ്റെ ചോദ്യങ്ങൾക്ക് സർക്കാർ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനും യോഗി ആദിത്യനാഥും ഒരേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ഒരു കാഷായ വസ്ത്രത്തിൻ്റെ കുറവ് മാത്രമേ മുഖ്യമന്ത്രിക്കുള്ളൂ എന്നും സതീശൻ പരിഹസിച്ചു.
യുഡിഎഫ് ഭരണകാലത്താണ് യോഗിയുടെ സന്ദേശം വായിച്ചിരുന്നതെങ്കിൽ എന്താകുമായിരുന്നു സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. നാട്ടിലെ നല്ല കമ്മ്യൂണിസ്റ്റുകാർ ഇത് എന്ത് തരം കമ്മ്യൂണിസമാണെന്ന് അത്ഭുതപ്പെടുകയാണ്.
സർക്കാർ ഇപ്പോൾ ഇസ്ലാമിക, ക്രിസ്തീയ, ജാതി സംഗമങ്ങൾ സംഘടിപ്പിക്കുന്നത് 2026-ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ഭയം കൊണ്ടാണെന്നും വി.ഡി സതീശൻ ആരോപിച്ചു. അതേസമയം, പാലക്കാട്ട് നടന്ന യുഡിഎഫ് നയ വിശദീകരണ കൺവെൻഷനിൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
രാഹുലിൻ്റെ കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും അത് വ്യക്തിപരമായ തീരുമാനമായിരുന്നില്ലെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. രാഹുൽ വിഷയത്തിൽ സൈബർ ആക്രമണം നേരിടുന്നതിനിടെയാണ് വി.ഡി സതീശൻ്റെ വിശദീകരണം.
ഈ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രതിപക്ഷ നേതാവ് പാലക്കാട് ജില്ലയിൽ എത്തുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]