കൊച്ചി: മലയാള സിനിമാ ലോകത്ത് വലിയൊരു വേദന സമ്മാനിച്ചാണ് കലാകാരൻ കലാഭവൻ നവാസ് വിടവാങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം.
നവാസിൻ്റെ വേർപാടിൻ്റെ നൊമ്പരങ്ങളിൽ നിന്ന് കുടുംബം മുക്തമാകുന്നതിനിടെ, സഹോദരൻ നിയാസ് പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധ നേടുകയാണ്. അവൻ കൂടെയുണ്ടായിരുന്നെങ്കിൽ മതിവരുവോളം കെട്ടിപ്പിടിച്ച് നിൽക്കണമെന്നുണ്ട് എന്ന് നിയാസ് കുറിക്കുന്നു.
നിയാസിൻ്റെ വാക്കുകൾ ഇങ്ങനെ ഞാനാണ് മൂത്തതെങ്കിലും ജ്യേഷ്ഠനായി അറിയപ്പെട്ടത് അവനായിരുന്നു. ഞങ്ങൾക്കിടയിൽ രണ്ട് വയസ്സിൻ്റെ വ്യത്യാസമേയുള്ളൂ.
എന്നെക്കാൾ ഉയരം അവനായതുകൊണ്ട് കാഴ്ചയിലും അവനാണ് ചേട്ടൻ. ഞങ്ങളുടെ മനോഭാവങ്ങൾ വളരെ വ്യത്യസ്തമായിരുന്നു.
പലപ്പോഴും അവൻ്റെ നിലപാടുകളാണ് ശരിയെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, മറ്റ് ചിലപ്പോൾ മറിച്ചും. നവാസ് എൻ്റെ അതേ ചിന്താഗതിയിലുള്ള ആളായിരുന്നില്ല.
വേദികളിൽ ഞങ്ങൾക്കിടയിൽ മത്സരബുദ്ധിയുണ്ടായിരുന്നെങ്കിലും ജീവിതത്തിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. പരാജയങ്ങളിൽ താങ്ങാവാനുള്ള മനസ്സുണ്ടായിരുന്നെങ്കിലും, പ്രയാസങ്ങൾ പരസ്പരം അറിയിക്കാതെ മുന്നോട്ടുപോകാനാണ് ഞങ്ങൾ ശ്രമിച്ചിരുന്നത്.
പ്രായത്തിൽ വലിയ അന്തരമില്ലാത്തതിനാൽ ഞങ്ങൾക്കിടയിൽ സഹോദരബന്ധത്തേക്കാൾ ഒരു സൗഹൃദമായിരുന്നു. അതിനാൽത്തന്നെ, നേരിൽ കാണുമ്പോൾ സ്നേഹപ്രകടനങ്ങൾ പതിവില്ലായിരുന്നു.
തൊഴിൽ, കുടുംബം തുടങ്ങി ചില കാര്യങ്ങൾ മാത്രം സംസാരിച്ച് പിരിയും. ഇപ്പോഴവൻ കൂടെയുണ്ടായിരുന്നെങ്കിൽ… മതിവരുവോളം കെട്ടിപ്പിടിച്ച് നിൽക്കണമെന്നുണ്ട്.
ഒരുപാട് സംസാരിച്ചിരിക്കണമെന്നുണ്ട്. പക്ഷേ, സർവ്വേശ്വരൻ ഞങ്ങൾക്കനുവദിച്ചു തന്ന സമയം തീർന്നിരിക്കുന്നു.
ഇനിയെത്ര ആഗ്രഹിച്ചാലും ഞങ്ങൾക്കിടയിലൊരു കൊടുക്കൽ വാങ്ങൽ സാധ്യമല്ലല്ലോ. ഒന്നും പങ്കുവെക്കാൻ ഇനിയൊരു അവസരമില്ലല്ലോ.
എൻ്റെ കൂടപ്പിറപ്പിനെ പടച്ചവൻ തിരികെ വിളിച്ചു. ഇനി അവനുവേണ്ടി പ്രാർത്ഥനകൾ മാത്രം.
(നിൻ്റെ മരണത്തിനു മുൻപ് നിനക്ക് നൽകിയട്ടുള്ളതിൽ നിന്നും നീ മറ്റുള്ളവർക്കായ് ചിലവഴിക്കുക – ഖുർആൻ). അത് അറിവോ, സമ്പത്തോ, ആരോഗ്യമായാലും സ്നേഹമായാലും നിസ്വാർത്ഥമായി പങ്കുവെക്കേണ്ടതല്ലേ? മരിച്ചവർക്കായി പ്രാർത്ഥിക്കുകയല്ലാതെ മറ്റൊന്നും നമുക്ക് കഴിയില്ലല്ലോ.
പ്രിയപ്പെട്ടവരെ, എല്ലാ നിബന്ധനകളും മാറ്റിവെച്ച് ജീവിച്ചിരിക്കുന്ന കൂടപ്പിറപ്പുകളെയും കൂട്ടുകാരെയും സഹജീവികളെയും അതിരില്ലാതെ സ്നേഹിച്ച് ചേർത്തുപിടിക്കുക. ഒരു കാലത്ത് ഓർത്ത് കരയാനെങ്കിലും ബന്ധങ്ങൾക്കിടയിൽ ചില നല്ല ഓർമ്മകൾ പരസ്പരം ബാക്കിവെക്കുക.
രക്തബന്ധങ്ങളുടെ കെട്ടുറപ്പിന് സർവ്വേശ്വരൻ ശക്തി നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]