റിയാദ്: 95-ാമത് ദേശീയ ദിനാഘോഷത്തിന്റെ നിറവില് സൗദി അറേബ്യ.ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.സൗദിയിലെ മുഴുവൻ നഗരങ്ങളും ദേശീയ താകകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കൂറ്റൻ കെട്ടിടങ്ങളിലെല്ലാം ഭരണാധികാരിയുടെയും കിരീടാവകാശിയുടെയും ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ഭരണാധികാരികൾക്ക് ആശംസ നേർന്നുമുള്ള ബോർഡുകളും സ്ഥാപിച്ചിരിക്കുന്നു. സൗദി അറേബ്യയെ ഒരു കൊടിക്കീഴില് ഏകീകരിച്ചതിന്റെയും രാജ്യത്തിന്റെ വികസനത്തിന്റെയും നവോഥാനത്തിന്റെയും യാത്രക്ക് തുടക്കമിട്ടതിന്റെയും ഓര്മമ്മ പുതുക്കലാണ് ദേശീയ ദിനം.
‘നമ്മുടെ പ്രകൃതിയിൽ അഭിമാനം’ രാജ്യത്തിന്റെ പൈതൃകവും ഭാവിയും വിളിച്ചോതുന്ന പരിപാടികളാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രത്യേകത. ‘നമ്മുടെ പ്രകൃതിയിൽ അഭിമാനം’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഇത് സൗദി അറേബ്യയുടെ തനതായ മൂല്യങ്ങളെയും ജനങ്ങളുടെ അഭിനിവേശത്തെയും രാജ്യത്തിൻ്റെ പ്രകൃതിദത്തമായ വൈവിധ്യത്തെയും ഉയർത്തിക്കാട്ടുന്നു. രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിനുള്ള അവസരം കൂടിയാണ് ഈ ആഘോഷങ്ങൾ.ചൊവ്വാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം രാജ്യത്തെ പൊതു, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം കലാ, സാംസ്കാരിക പരിപാടികൾ അരങ്ങേറും. റിയാദ്, ജിദ്ദ, അൽഖോബാർ തുടങ്ങിയ പ്രധാന നഗരങ്ങൾ ആകർഷകമായ പരിപാടികൾക്കായി ഒരുങ്ങിയിട്ടുണ്ട്.
റോയൽ സൗദി എയർഫോഴ്സിന്റെ ടൈഫൂൺ, എഫ്-15 യുദ്ധവിമാനങ്ങൾ അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനങ്ങൾ ആകാശത്ത് പച്ചയും വെള്ളയും നിറങ്ങൾ ചാലിച്ച് രാജ്യത്തിൻ്റെ അഭിമാനവും കരുത്തും വിളിച്ചോതും.രാജ്യ തലസ്ഥാനമായ റിയാദ് കുതിരകളുടെ പരേഡുകളും കലാപ്രദർശനങ്ങളും ഉൾപ്പെടെ നിരവധി പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. ദമ്മാം, അൽഖോബാർ പോലുള്ള നഗരങ്ങളിൽ കാർണിവൽ പരേഡുകളും സംവേദനാത്മക ഷോകളും ഉൾപ്പെടെയുള്ള പരിപാടികൾക്ക് വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ) ഉൾപ്പെടെയുള്ള രാജ്യത്തെ പ്രധാന സ്ഥാപനങ്ങൾ വിവിധ പ്രദർശനങ്ങൾ, സംഗീത പരിപാടികൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ജിദ്ദയിലെ ചരിത്രപ്രസിദ്ധമായ അൽബലദ് പ്രദേശം ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായിരിക്കും.
14 നഗരങ്ങളിൽ വെടിക്കെട്ട് രാത്രി ഒമ്പത് മണിക്ക് രാജ്യത്തെ നഗരങ്ങൾ വെടിക്കെട്ട് പ്രദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കും. 14 സൗദി നഗരങ്ങളിലെ ആകാശത്തെ തിളക്കമുള്ള നിറങ്ങളാലും, ദേശീയ ദിനത്തിന്റെ ചൈതന്യം പ്രതിഫലിപ്പിക്കുന്ന സൃഷ്ടിപരമായ പ്രദർശനങ്ങളാലും പ്രകാശിപ്പിക്കും.
റിയാദ് നിവാസികൾക്ക് ബൻബാൻ പ്രദേശത്ത് വെടിക്കെട്ട് ഷോ ആസ്വദിക്കാൻ കഴിയും. ദമ്മാമിലെ കടൽത്തീരത്തും ജിദ്ദയിൽ ജിദ്ദ ആർട്ട് പ്രൊമെനേഡിലും യാച്ച് ക്ലബ്ബിലും ഏഴ് മിനിറ്റ് നേരം സമാനമായ ഷോകൾ നടക്കും.
മദീനയിൽ കിങ് ഫഹദ് സെൻട്രൽ പാർക്കിലും ഹാഇലിലെ അൽസലാം പാർക്കിലും, അറാർ പബ്ലിക് പാർക്ക്, അമീർ അബ്ദുല്ല ഇലാഹ് കൾച്ചറൽ സെന്റർ സകാക്ക, അബഹയിലെ അൽമത്ൽ പാർക്ക്, ഇഹ്തിഫാൽ സ്ക്വയർ, അൽബഹ അമീർ ഹുസാം പാർക്ക്, തബൂക്ക് സെൻട്രൽ പാർക്ക്, ബുറൈദ കിങ് അബ്ദുല്ല നാഷണൽ പാർക്ക്, ജിസാൻ നോർത്തേൺ കോർണിഷ്, ത്വാഇഫ് അൽറുദ്ഫ് പാർക്ക് എന്നിവിടങ്ങളിലും വെടിക്കെട്ട് ഷോകൾ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]