പാരിസ്: ഫുട്ബോൾ ലോകത്തെ ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പി.എസ്.ജി താരം ഒസ്മാൻ ഡെംബലെ സ്വന്തമാക്കി. ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാലിനെ മറികടന്നാണ് ഫ്രഞ്ച് സ്ട്രൈക്കർ ഡെംബലെ ഈ സുവർണനേട്ടം കൈവരിച്ചത്.
പുരസ്കാര വേദിയിൽ വികാരഭരിതനായ ഡെംബലെ, ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് പറഞ്ഞു. പി.എസ്.ജി പരിശീലകൻ ലൂയിസ് എൻറികിന് അദ്ദേഹം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.
പി.എസ്.ജിക്ക് ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഡെംബലെ, ടീമിനെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ഈ സീസണിൽ പി.എസ്.ജി ജേഴ്സിയിൽ 35 ഗോളുകളും 16 അസിസ്റ്റുകളുമാണ് ഡെംബലെയുടെ സമ്പാദ്യം.
യൂറോ കപ്പിന് ശേഷമുള്ള മത്സരങ്ങളിലെ പ്രകടനമാണ് പുരസ്കാരത്തിന് അടിസ്ഥാനമാക്കിയത്. മികച്ച വനിതാ താരമായി ബാഴ്സലോണയുടെ ഐറ്റാന ബോൺമാറ്റിയെ തിരഞ്ഞെടുത്തു.
യുവതാരത്തിനുള്ള കോപ്പാ ട്രോഫി ബാഴ്സലോണയുടെ തന്നെ ലാമിൻ യമാൽ സ്വന്തമാക്കി. മറ്റു പ്രധാന പുരസ്കാരങ്ങൾ: മികച്ച പരിശീലകർ: വീഗ്മാൻ, ലൂയിസ് എൻറിക് മികച്ച ഗോൾകീപ്പർമാർ: ഹാംപ്ടൺ, ഡൊന്നറുമ മികച്ച ഗോൾ സ്കോറർമാർ: ഗ്യോകെരെസ്, പജോർ മികച്ച വനിതാ ക്ലബ്: ആഴ്സണൽ മികച്ച പുരുഷ ക്ലബ്: പി.എസ്.ജി ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരിസിലെ തിയേറ്റർ ഡു ഷാറ്റെലെറ്റിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
2024-25 സീസണിലെ പ്രകടനമാണ് അവാർഡിനായി പരിഗണിച്ചത്. ലോകമെമ്പാടുമുള്ള 100 കായിക മാധ്യമപ്രവർത്തകരുടെ വോട്ടിങ്ങിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
എട്ട് തവണ ജേതാവായ ലയണൽ മെസ്സിയും അഞ്ച് തവണ പുരസ്കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തവണ അന്തിമ പട്ടികയിൽ ഇടംപിടിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]