തിരുവനന്തപുരം: സർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സണാകും. ഹോണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ഈ മാസം 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡൻ്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.
കൊച്ചി മുസിരിസ് ബിനാലെയുടെ ആദ്യപതിപ്പ് മുതൽ ഫൗണ്ടേഷനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളായിരുന്നു ഡോ വി വേണു. സിവിൽ സർവീസിലെ നീണ്ട പ്രവർത്തനകാലയളവിനിടെ കലാ സാംസ്കാരിക മേഖലകളിൽ നിർവഹിച്ച ചുമതലകൾ നൽകിയ മികവ് ഇനി കൊച്ചി ബിനാലെയുടെ മുന്നോട്ടുള്ള പോക്കിന് ബലമാകും. കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിയാണ് നിയമന വാർത്ത അറിയിച്ചത്.
ദില്ലിയിലെ നാഷണൽ മ്യൂസിയത്തിന്റെ മുൻ ഡയറക്ടർ ജനറൽ, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി, നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആർട്ട്, കൺസർവേഷൻ ആൻഡ് മ്യൂസിയോളജി വൈസ് ചാൻസലർ സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ സെക്രട്ടറി തുടങ്ങി നിരവധി ഔദ്യോഗിക പദവികൾ അദ്ദേഹം വഹിച്ചിരുന്നു.
ഉന്നത സാംസ്കാരിക സ്ഥാപനങ്ങൾ, ലൈബ്രറികൾ, ആർക്കൈവ്സ്, മ്യൂസിയങ്ങൾ എന്നിവയുടെ ദൃശ്യപരതയും സന്ദർശകരുടെയും പങ്കാളികളുടെയും എണ്ണവും കൂട്ടാൻ ഒട്ടേറെ പദ്ധതികളാണ് അദ്ദേഹം തുടങ്ങിയത്. ഈ ഭാവനാശേഷിയും സ്ഥിരോത്സാഹവും കൊച്ചി മുസിരിസ് ബിനാലെയുടെ അടുത്തഘട്ടം യാത്രക്ക് ഊർജം പകരുമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു. 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ വി വേണു ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസമാണ് വിരമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]