
ചെസ് ഒളിമ്പ്യാഡിലെ ഇന്ത്യയുടെ ഇരട്ടനേട്ടത്തിന് പിന്നിൽ വിശ്വനാഥൻ ആനന്ദിന്റെ പരിശ്രമങ്ങൾ
ഇന്ത്യൻ ചെസ് എന്നാൽ പതിറ്റാണ്ടുകളോളം വിശ്വനാഥൻ ആനന്ദായിരുന്നു. വിശ്വനാഥൻ ആനന്ദ് എന്നാൽ ഇന്ത്യൻ ചെസും. അഞ്ച് ലോകചാമ്പ്യൻഷിപ്പ് കിരീടങ്ങൾക്കും എണ്ണിയാലൊടുങ്ങാത്ത മറ്റനേകം വിജയങ്ങൾക്കുമപ്പുറം വിശ്വനാഥൻ ആനന്ദ് ഇന്ത്യയ്ക്ക് എന്ത് നൽകി എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കഴിഞ്ഞ ദിവസം ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡിലെ ഇന്ത്യയുടെ ഇരട്ടസ്വർണനേട്ടം. തന്റെ പിൻഗാമികളെ കണ്ടെത്താനും കൈപിടിച്ചുയർത്താനും വിശ്വനാഥൻ ആനന്ദ് നടത്തിയ പരിശ്രമങ്ങളാണ് ബുഡാപെസ്റ്റിൽ ഇന്ത്യൻ പതാക പാറിപ്പറക്കാൻ വഴിയൊരുക്കിയത്.
കൊവിഡ് കാലത്തിന് മുമ്പുതന്നെ പ്രധാന മത്സരവേദകളിൽ നിന്ന് പിന്മാറിയിരുന്ന ആനന്ദ് തന്റെ പിൻഗാമികളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചെന്നൈയിൽ തുടങ്ങിയ വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാഡമിയിൽ നിന്നാണ് ഡി.ഗുകേഷ്, പ്രഗ്നാനന്ദ,അർജുൻ എരിഗേസി,ആർ.വൈശാലി തുടങ്ങിയ താരങ്ങളുടെ വരവ്. ആനന്ദിന്റെ അക്കാഡമിയിലെ ആദ്യ ബാച്ചുകാരാണ് ഇവർ. കൊവിഡ് കാലത്ത് ഓൺലൈൻ ചെസിലേക്ക് ലോകം ചുരുങ്ങിയപ്പോൾ ആനന്ദ് ആ വഴിയിലൂടെ തന്റെ ശിഷ്യരെ ലോകത്തേക്ക് എത്തിച്ചു. സാക്ഷാൽ മാഗ്നസ് കാൾസനെ തോൽപ്പിച്ച് പ്രഗ്നാനന്ദ വിസ്മയമായത് ഓൺലൈൻ ചെസിലൂടെയാണ്.
താൻ കളിച്ചിരുന്ന നാളുകളിൽ തനിക്ക് കിട്ടാതെപോയ സൗകര്യങ്ങൾ തനിക്ക് പിന്നാലെ വരുന്നവർക്ക് ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്കാഡമി സ്ഥാപിച്ചതെന്ന് ആനന്ദ് പറഞ്ഞിരുന്നു. പഴയകാലത്തെ റഷ്യയിലെയും മറ്റ് സോവിയറ്റ് രാജ്യങ്ങളിലെയും ചെസ് അക്കാഡമികളുടെ മാതൃകയിലാണ് വെസ്റ്റ്ബ്രിജ് ആനന്ദ് ചെസ് അക്കാഡമി തുടങ്ങിയത്. റഷ്യൻ ചെസിന്റെ വിപ്ളവത്തിന് വഴിയൊരുക്കിയത് ഇത്തരം അക്കാഡമികളായിരുന്നു. ഒന്നോ രണ്ടോ താരങ്ങളിൽ മാത്രം ശ്രദ്ധ നൽകാതെ ഒരുകൂട്ടം താരങ്ങളെ ഒരുമിച്ച് വളർത്തിയെടുത്താൽ രാജ്യത്തിന് അത് ഗുണകരമാകുമെന്ന ആനന്ദിന്റെ കണക്കുകൂട്ടൽ ശരിയായി മാറി. ടീമായി മത്സരിക്കേണ്ട ചെസ് ഒളിമ്പ്യാഡിൽ ഒരേ നിലവാരത്തിലുള്ള ഒരുപിടി താരങ്ങൾ അണിരന്നതിനാലാണ് ഇന്ത്യയ്ക്ക് സ്വർണം നേടാനായത്.
തന്റെ അക്കാഡമിയിലെ ശിഷ്യർക്ക് മികച്ച സ്പോൺസർഷിപ്പുകൾ ലഭിക്കുന്നതിനും ലോകത്തെമ്പാടുമുള്ള പ്രധാന ടൂർണമെന്റുകളിൽ മത്സരിക്കാൻ അവസരമൊരുക്കുന്നതിനും ആനന്ദ് നടത്തിയ പരിശ്രമങ്ങളാണ് പ്രഗ്നാനന്ദയ്ക്കും ഗുകേഷിനുമൊക്കെ കൗമാരത്തിൽ തന്നെ ഇത്രയും വാതിലുകൾ തുറന്നുനൽകിയത്. ആനന്ദിന്റെ ശിഷ്യർ എന്ന ഒറ്റലേബൽകൊണ്ടുതന്നെ ഇന്ത്യൻ കൗമാരതാരങ്ങൾക്ക് ലോകശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞു. ലോക ചാമ്പ്യനെ നേരിടാനുള്ള ചലഞ്ചർ ടൂർണമെന്റിൽ ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മാറിയപ്പോൾ സാക്ഷാൽ ഗാരി കാസ്പറോവ് ആനന്ദിനെ വിശേഷിപ്പിച്ചത് ഇന്ത്യൻ ചെസ് വിപ്ളവത്തിന്റെ പിതാവ് എന്നാണ്.
ഒളിമ്പ്യാഡിലെ ഇന്ത്യയുടെ ഇപ്പോഴത്തെ നേട്ടത്തിൽ ചെസ് ലോകം അഭിനന്ദിക്കുന്നതും ആനന്ദിനെത്തന്നെ.
തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിച്ചില്ല എന്നതാണ് ആനന്ദിന്റെ പ്രത്യേകത. ഒറ്റയ്ക്ക് വഴിവെട്ടിവന്ന ആനന്ദ് തന്റെ പിന്നാലെവന്നവർക്കുവേണ്ടി വഴിവെട്ടിക്കൊടുക്കുകയായിരുന്നു. തനിക്ക് ഇല്ലാതെ പോയ ഒരു വഴികാട്ടിയായി അദ്ദേഹം സ്വയം മാറുകയും ചെയ്തു. ആനന്ദ് തെളിച്ച വഴിയിലൂടെ നടക്കുന്നത് പുതിയ തലമുറയിലെ താരങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇന്ത്യയുടെ ചെസിന്റെ തലസ്ഥാനമായി ചെന്നൈയെ മാറ്റിയെടുത്തതിലും ആനന്ദിനുള്ള പങ്ക് ചെറുതല്ല. വരുനാളുകളിൽ ചെസ് ലോകം ഇന്ത്യൻ താരങ്ങൾ ഭരിക്കുമെന്നുറപ്പാണ്.അതിന് വഴിയൊരുക്കിയ ആളെന്ന നിലയിൽ ഇന്ത്യൻ ചെസ് വിശ്വത്തിന്റെ നാഥനായി ആനന്ദ് വാഴ്ത്തപ്പെടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]