
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശിയായ 57 കാരനാണ് വെൻട്രിക്കുലാർ സെപ്റ്റൽ റപ്ച്ചർ എന്ന രോഗത്തിന് ചികിത്സ നൽകിയത്.
ഉയർന്ന മരണസാധ്യത ഉള്ളതും എന്നാൽ വിരളമായി മാത്രം ചികിത്സക്കു അനുകൂലമായതുമായ ഒരു രോഗമാണിത്. ഈ രോഗം ബാധിച്ചവരിൽ 90 ശതമാനം ആളുകൾ മരണപ്പെടുന്നു. കഠിനമായ ശ്വാസംമുട്ടലിനെ തുടർന്ന് കാർഡിയോളജി വിഭാഗത്തിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപിച്ച രോഗിക്ക്, ഹൃദയാഘാതം ആണെന്ന് കണ്ടെത്തിയിരുന്നു.
ആരോഗ്യനില അതീവ ഗുരുതരമാവുകുകയും ചെയ്തിരുന്നു. മരുന്നുകളാൽ രക്തസമ്മർദം നിലനിർത്തിയിരുന്ന രോഗിയിൽ ഹൃദയം തുറക്കാതെ തന്നെ ഹൃദയ ഭിത്തിയിലെ വിള്ളൽ അടയ്ക്കാൻ സാധിച്ചു. ഒരാഴ്ച മുമ്പ് ഇതേ രോഗം ബാധിച്ച കന്യാകുമാരി സ്വദേശിയായ മറ്റൊരു രോഗിയ്ക്കും മെഡിക്കൽ കോളേജ് ആശുപത്രിയിൽ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയിരുന്നു.
ഹൃദ്രോഗ വിഭാഗം മേധാവി ഡോ കെ ശിവപ്രസാദ്, അനസ്തേഷ്യ വിഭാഗം മേധാവി ഡോ ശോഭ, ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.രവികുമാർ, പ്രഫസർമാരായ ഡോ മാത്യു ഐപ്പ്, ഡോ സിബു മാത്യു, ഡോ പ്രവീൺ വേലപ്പൻ, ഡോ എസ് പ്രിയ, സീനിയർ റെസിഡന്റുമാരായ ഡോ അമ്പാടി, ഡോ ഷിൻഗം, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ പ്രൊഫസർ ഡോ അൻസാർ, കാർഡിയോവാസ്ക്യൂലർ ടെക്നിഷ്യൻമാരായ പ്രജീഷ്, കിഷോർ, അസിം, നേഹ, സുലഭ, അമൽ, കൃഷ്ണപ്രിയ, നഴ്സിംഗ് ഓഫീസർമാരായ ധന്യ, സൂസൻ, വിജി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ‘രോഗി സുഖം പ്രാപിച്ചു വരുന്നതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]