
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകളില് മദ്യം വില്‍ക്കുന്ന ജീവനക്കാര്‍ മുഴുവനും പുരുഷന്മാരായിരുന്നു. പത്ത് വര്‍ഷം മുമ്പത്തെ കാര്യമാണ് അത്. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുകയാണ്. ബെവ്കോ ഔട്ട്ലെറ്റുകളില് മദ്യ വില്‍പ്പന നടത്തുന്ന ജീവനക്കാരില്‍ പകുതിയില്‍ അധികവും സ്ത്രീകളാണെന്നതാണ് പ്രത്യേകത. നിയമപോരാട്ടത്തിനൊടുവിലാണ് ബെവ്കോയില്‍ സ്ത്രീകള്‍ക്കും ജീവനക്കാരായി പ്രവേശനം ലഭിച്ച് തുടങ്ങിയത്.
മദ്യപാനികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും സ്ഥിരമായി മദ്യം വാങ്ങാന്‍ എത്തുന്ന ഔട്ട്ലെറ്റുകള് സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അനുകൂലമായ സാഹചര്യമുള്ള സ്ഥലമായി മുമ്പ് കണക്കാക്കിയിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. കേരളത്തിലെ ഏതൊരു സര്‍ക്കാര്‍ വകുപ്പിലും വനിതകള്‍ ജോലി ചെയ്യുന്നത് പോലെ തന്നെ ബെവ്കോയിലും സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. സ്ത്രീകള്‍ സെയില്‍സ് കൗണ്ടറുകളില്‍ ഇരിക്കുമ്പോല് മദ്യം വാങ്ങാനെത്തുന്നവരുടെ പെരുമാറ്റവും മെച്ചപ്പെടുന്നതായാണ് കണ്ടുവരുന്നതെന്ന് പല ഔട്ട്ലെറ്റ് മാനേജര്‍മാരും പറയുന്നു.
മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റമുണ്ടായാല്‍ ഉടനടി പൊലീസ് സഹായം ലഭ്യമാക്കുന്നുണ്ടെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ് പറയുന്നു. ജനസംഖ്യയില്‍ അമ്പത് ശതമാനത്തിനു മേല്‍ സ്ത്രീകളുള്ള കേരള സമൂഹത്തിന്റെ പ്രതിഫലനം തന്നെയാണ് ബെവ്കോ ജീവനക്കാരിലും ഇപ്പോള്‍ കാണാനാവുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ബെവ്കോയുടെ ആദ്യ വനിതാ മാനെജിങ് ഡയറക്റ്റര്‍ കൂടിയാണ് ഹര്‍ഷിത അട്ടല്ലൂരി. ബെവ്കോയില്‍ ജോലിക്കുള്ള ടെസ്റ്റ് എഴുതാനെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനയാണ് ഇപ്പോള്‍ കാണാനാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]