മനുഷ്യരെ കാണാതാവുമ്പോഴും സാധനങ്ങൾ മോഷണം പോകുമ്പോഴും ഒക്കെ പൊലീസ് നടത്തുന്ന ഊർജ്ജിത അന്വേഷണങ്ങളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. എന്നാൽ, മോഷ്ടിക്കപ്പെട്ട ആടുകളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
ഇല്ലെങ്കിൽ അറിഞ്ഞുകൊള്ളൂ, അത്തരത്തിൽ മോഷണം പോയ ഒരു ആടിനെ കണ്ടെത്താൻ എട്ടുപേർ അടങ്ങുന്ന എസ്ഐടിയെ നിയോഗിച്ചിരിക്കുകയാണ് ജയ്പൂരിൽ. പ്രതികളെ ഉടൻ കണ്ടെത്തി അന്വേഷണം പൂർത്തിയാക്കണം എന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന കർശന നിർദേശം.
ജില്ലയിലെ കിഷൻഗഡ് റെൻവാളിൽ ആടുകളെയും കഴുതകളെയും മോഷ്ടിക്കുന്നത് വർദ്ധിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. മോഷ്ടിക്കപ്പെട്ട കഴുതകളെയും ആട്ടിൻകുട്ടികളെയും കണ്ടെത്തി മോഷ്ടാക്കളെ പിടികൂടുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന ദൗത്യം.
ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ നിന്നും നാല്പത് ആടുകളും എട്ട് കഴുതകളും മോഷണം പോയത്. ഈ സംഭവത്തിന് പിന്നാലെയാണ് പത്ത് ദിവസത്തിനകം മൃഗങ്ങളെ മോഷ്ടിക്കുന്നവരെ എന്തുവിലകൊടുത്തും പിടികൂടും എന്ന തീരുമാനത്തിൽ പൊലീസ് എത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ എട്ടു കഴുതകളെയും മോഷ്ടാക്കളെയും പിടികൂടിയെങ്കിലും ആടുകളെ കണ്ടെത്താനായില്ല. ഇതോടെ ആടുകളുടെ ഉടമസ്ഥരായ ഗുർജർ സമുദായാംഗങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
പൊലീസ് സൂപ്രണ്ടിൻ്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘത്തിന്റെ ചുമതല ദേവിലാൽ, പേമരത്ത് എന്ന ഉദ്യോഗസ്ഥർക്കാണ്. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ പ്രഹ്ലാദ് സിംഗ്, ഹെഡ് കോൺസ്റ്റബിൾ രാംനിവാസ്, ഗോവിന്ദ്ഗഡ് പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ ഹരീഷ് കുമാർ, റെൻവാൾ പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ മുകേഷ് കുമാർ, ഗോവിന്ദ്ഗഡ് പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഹേംരാജ് സിംഗ് ഗുർജാർ എന്നിവരും സംഘത്തിലുണ്ട്.
(ചിത്രം പ്രതീകാത്മകം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]