
പാറ്റ്ന: ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം. അമ്പുകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വനിതാ എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബീഹാറിലെ അരാരിയയിൽ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കാനെത്തിയ മഹൽഗാവ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ നുസ്രത്ത് പർവീനും പൊലീസ് സംഘത്തിനും നേരെ ഒരു സംഘമാളുകൾ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഭൂപ് നാരായൺ യാദവ് എനന്നയാളുടെ പരാതിയിലാണ് പൊലീസ് ഭൂമി തർക്കത്തെപ്പറ്റി അന്വേഷിക്കാനായി സ്ഥലത്തെത്തിയത്. ഒരു സംഘമാളുകൾ തന്റെ ഭൂമി കൈയ്യേറിയെന്നായിരുന്നു ഇയാളുടെ പരാതി. സ്ഥലത്തെത്തിയ വനിതാ എസ്ഐക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ എതിർവിഭാഗം സംഘടിതമായി ആക്രമണം അഴിച്ച് വിടുകയായിരുന്നു. ആക്രമണത്തിൽ എസ്ഐയുടെ തലയോട്ടി തുളച്ച് അമ്പ് കയറി. ഗുരുതരമായി പരിക്കേറ്റ എസ്ഐയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലുള്ള വനിതാ എസ്ഐ നുസ്രത്ത് പർവീനിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്ന് അരാരിയ പൊലീസ് സൂപ്രണ്ട് അമിത് രഞ്ജൻ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. സംഭവ സ്ഥലം സന്ദർശിച്ചതായും പ്രദേശത്ത് കൂടുത പൊലീസിനെ വിന്യസിച്ചതായും എസ്പി വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾ ഒളിവിലാണ്. ഇവരെ ഉടനെ പിടികൂടുമെന്നും എസ്പി അമിത് രഞ്ജൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]