കോട്ടയം: എസ്എംഇ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി. രണ്ട് അധ്യാപകരെയും സ്ഥലംമാറ്റാൻ തീരുമാനമായി. ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. സീന, റീനു എന്നി അധ്യാപകർക്കാണ് സ്ഥലം മാറ്റം. ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും സമരം നടത്തിയതിന് പിന്നാലെയാണ് തീരുമാനം.
ഈ മാസം രണ്ടാം തീയ്യതിയായിരുന്നു കോട്ടയം എസ്എംഇ കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് ഒന്നാം വര്‍ഷ എംഎൽടി വിദ്യാര്‍ത്ഥിയായ അജാസ് ഖാനെ കാണാതായത്. പിറ്റേ ദിവസം മീനച്ചിലാറിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിൽ അജാസിന്റെ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കടുപ്പമായതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അജാസിന്റെ കുടുംബം ഇത് അംഗീകരിക്കാൻ തയ്യാറല്ല. അജാസ് ഖാന്റെ ആത്മഹത്യയിൽ കോളേജ് അധികൃതര്‍ക്ക് പങ്ക് ഉണ്ടെന്നാണ് കുടംബം ആരോപിക്കുന്നത്.
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദമല്ല, കോളേജ് അധികൃതരിൽ നിന്നും അധ്യാപകരിൽ നിന്നും മകന് മാനസിക പീഡനം എൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]