ടെഹ്റാൻ : ഇറാനിൽ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിലേക്ക് നയിച്ചത് പേജർ സ്ഫോടനമാണോ എന്ന അഭ്യൂഹം വ്യാപകമാകുന്നു. കഴിഞ്ഞ ആഴ്ച ലെബനനിൽ ഇസ്രയേലി ചാര ഏജൻസിയായ മൊസാദ് ആസൂത്രം ചെയ്ത് നടപ്പാക്കിയ പേജർ, വാക്കിടോക്കി സ്ഫോടന പരമ്പരകൾക്ക് പിന്നാലെയാണ് ഇത്തരമൊരു സംശയം ഉടലെടുത്തത്. 39 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്.
ലെബനനിലെ ഹിസ്ബുള്ള അംഗങ്ങളുടെ കൈവശമുണ്ടായിരുന്ന പേജറുകൾ വാങ്ങുന്നതിൽ ഇറാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഒരു പാർലമെന്റ് അംഗമാണ് വെളിപ്പെടുത്തൽ നടത്തിയത്. റെയ്സിക്കൊപ്പം പേജറുള്ള ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അപകട സമയം റെയ്സിക്കൊപ്പം പേജർ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തിൽ വീണ്ടും അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. എന്നാൽ ഇറാൻ ഭരണകൂടം വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
റെയ്സിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടു.
സംഘർഷം ശക്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തം. വടക്കൻ ഇസ്രയേലിന് നേരെ ഹിസ്ബുള്ള 85ലേറെ റോക്കറ്റുകൾ വിക്ഷേപിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വീടുകൾക്ക് കേടുപാടുണ്ട്. ഇസ്രയേലി സൈനിക ബേസുകളും ആക്രമിക്കപ്പെട്ടു.
മറുപടിയായി ഇസ്രയേൽ സൈന്യം ഹിസ്ബുള്ളയുടെ റോക്കറ്റ് ലോഞ്ചറുകൾ തകർത്തു. വെള്ളിയാഴ്ച ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. അതേ സമയം, ഗാസയിലുണ്ടായ ആക്രമണങ്ങളിൽ ഇന്നലെ 40 പേർ കൊല്ലപ്പെട്ടു. ഷാതി അഭയാർത്ഥി ക്യാമ്പിൽ ജനങ്ങൾ തിങ്ങിപ്പാർത്ത സ്കൂളിന് നേരെ ബോംബാക്രമണമുണ്ടായി. 7 പേർ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 41,430 കടന്നു.