
പണ്ട് മഹാബലി എന്ന് പേരായ്.. ഉണ്ടായി പണ്ടൊരു ദാനവേന്ദ്രൻ..
കാരാക്കർക്കികത്തിൽ നാട്ടകങ്ങളിലെ മാരിയും വ്യാധിയും കണ്ണീരുമൊക്കെ തൂത്തും തുടച്ചും ഭൂലോകത്തെ ചെറുപൈതങ്ങൾക്ക് സാന്ത്വനമേകിയും കുഞ്ഞിത്തെയ്യങ്ങളായ ആടിയും വേടനും കർക്കിടോത്തിയുമൊക്കെ കാവകങ്ങളിലേക്ക് മടങ്ങി. ഇനി ഓട്ടുമണിയും കിലുക്കി ഓണവില്ലുമേന്തിയുള്ള ഓണത്താറിന്റെ വരവാണ്.
ചവിട്ടിത്താഴ്ത്തിയിട്ടും പാതാളക്കുണ്ടിൽ നിന്നും വർഷാവർഷം മുളച്ചുപൊട്ടുന്ന മാവേലിപ്പാട്ടും പാടിയാണ് ഓണത്താറിന്റെ വരവ്. മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച പുരാതന സോഷ്യലിസ്റ്റ് കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ഒറ്റച്ചെണ്ടയുടെ താളത്തിൽ ഓണത്താർ എന്ന കുഞ്ഞിത്തെയ്യങ്ങൾ അത്യുത്തരകേരളത്തിന്റെ വീട്ടുമുറ്റങ്ങളിൽ ഇനി ആടിത്തിമർക്കും.
ഓണത്തിന് മുന്നോടിയായി കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ നാട്ടിൻപുറങ്ങളിൽ എത്തുന്ന കുട്ടിത്തെയ്യങ്ങളാണ് ഓണത്താർ. മഹാബലിയുടെ സങ്കൽപത്തിലുള്ള ഈ നാട്ടുദൈവം ഓണത്തിന്റെ വരവറിയിച്ച് നാട്ടകങ്ങളിലും വീട്ടകങ്ങളിലും എത്തും.
കർക്കിടക മാസത്തിലെ ദോഷമകറ്റുന്ന കുഞ്ഞിത്തെയ്യങ്ങളായ ആടിവേടനെയും കർക്കിടോത്തിയേയും ഒക്കെപ്പോലെ കുട്ടികൾ തന്നെയാണ് ഓണത്താറും കെട്ടുക. വണ്ണാന്‍ സമുദായത്തിലെ ആണ്‍കുട്ടികളാണ് ഓണത്താര് കോലം ധരിക്കുന്നത്.
ഓട്ടുമണിയും കിലുക്കി ഓണവില്ലിന്റെയും ഒറ്റച്ചെണ്ടയുടെയും താളത്തിലാണ് ഓണത്താറിന്റെ വരവ്. മുഖത്തെഴുത്തും ഉടയാടകളും തലയില്‍ കിരീടവും ഉണ്ടാകും.
വീട്ടുമുറ്റങ്ങളിലെ പൂക്കളത്തിനു ചുറ്റും ഓണത്താര് നൃത്തം വെയ്ക്കും. വലതു കൈയിൽ മണിയും ഇടതു കൈയിൽ ഓണവില്ലും പിടിച്ച് മണിമുട്ടിക്കൊണ്ടാണ് തെയ്യം ആടുന്നത്.
ആട്ടത്തിന് പാട്ടിന്റെ അകമ്പടിയും ഉണ്ടാകും. മഹാബലിയുടെ ആഗമന കഥയാണ് ഈ പാട്ടിന്റെ ഇതിവൃത്തം.
‘പണ്ട് മഹാബലി എന്ന് പേരായ്, ഉണ്ടായി പണ്ടൊരു ദാനവേന്ദ്രൻ’ എന്ന് തുടങ്ങുന്ന പാട്ടിനൊപ്പമാണ് ഓണത്താറിന്റെ നൃത്തം. മഹാബലിയുടെ ഭരണകാലവും വാമന വേഷം പൂണ്ടെത്തുന്ന മഹാവിഷ്ണുവുമൊക്കെ ഈ പാട്ടിന്റെ ഭാഗമാണ്.
ദേവന്മാരുടെ ആവശ്യപ്രകാരം മാവേലി മന്നനെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന കഥകളുമൊക്കെ ഈ പാട്ടിൽ പാടിപ്പറയും. മാവേലിപ്പാട്ടെന്നും ഓണപ്പാട്ടെന്നും ഈ പാട്ടുകൾ അറിയപ്പെടുന്നു.
പ്രദേശത്തെ ജന്മാവകാശിയായ വണ്ണാൻ സമുദായത്തിലെ ആറു മുതൽ പതിനാലു വരെ പ്രായമുള്ള ആൺകുട്ടികളാണ് ഓണത്താര് കെട്ടുന്നത്. ഒരു കുട്ടി ആയിരിക്കും ഓണത്താർ കോലം ധരിക്കുക.
മറ്റുള്ളവർ ചെണ്ടകൊട്ടി പാട്ടുപാടി ഓണത്താറിനെ അനുഗമിക്കും. വലതുകൈയിൽ മണിയും ഇടതുകൈയിൽ ഓണവില്ലും പിടിച്ച് മണികിലുക്കിയാണ് ഓണത്താർ എത്തുക.
നാല് ദിക്കിലെയും വിശേഷങ്ങൾ കണ്ട് പ്രജകളുടെ സൽക്കാരം സ്വീകരിക്കാൻ മഹാബലി ഓണത്താറായി വീടുകളിൽ എത്തുന്നു എന്നും വിശ്വാസമുണ്ട്. വടക്കേമലബാറിൽ ചിങ്ങമാസത്തിലെ ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് ഓണത്താറിന്റെ വരവ്.
എന്നാൽ ചില പ്രദേശങ്ങളിൽ അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിലും ഓണത്താർ വീടുകളിൽ എത്താറുണ്ട്. പ്രദേശങ്ങൾക്ക് അനുസരിച്ച് ഓണത്താർ വിശ്വാസങ്ങളിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ട്.
കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ മഹാവിഷ്ണു സങ്കൽപ്പമാണ് ഓണത്താറിനുള്ളത്. ചില ദേശങ്ങളിൽ ബാലരൂപത്തിലുള്ള ശ്രീകൃഷ്ണനായും വിശ്വാസം ഉണ്ട്.
എന്നാല്‍ ചില ഇടങ്ങളില്‍ ഓണത്താറെന്നാല്‍ മഹാബലി സങ്കൽപ്പമാണ്. പഴയ കാലത്ത് ഉത്രാടം, തിരുവോണം നാളുകളിൽ അത്യുത്തരകേരളത്തിലെ മിക്ക പ്രദേശങ്ങളിലും ഓണത്താർ എത്തിയിരുന്നു.
എന്നാൽ ഇന്നത് അപൂർവമായി മാറിക്കൊണ്ടിരിക്കുന്നു.. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]