
ബെംഗളൂരു ∙
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളിലും നിരക്ക് കുതിച്ചുയരുന്നു. കൊച്ചിയിലേക്ക് സാധാരണ ദിവസങ്ങളിൽ 2000 – 3500 രൂപ നിരക്കു വരുന്ന സ്ഥാനത്ത് തിരുവോണത്തിന്റെ തൊട്ടു തലേ ദിവസമായ സെപ്റ്റംബർ 4 നു 4000– 9000 രൂപ വരെയാണ് നിരക്ക്.
ഈ ദിവസമാണ് കൂടുതൽ ബെംഗളൂരു മലയാളികൾ സ്വന്തക്കാർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിൽ പോകുന്നത്. യാത്രാത്തിരക്ക് കണക്കിലെടുത്ത് നിരക്കിൽ 2 ഇരട്ടി വരെയാണ് വർധന ഏർപ്പെടുത്തിയിരിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് 12
സർവീസുകളാണ് പ്രതിദിനം ഉള്ളത്.
തിരുവനന്തപുരത്തേക്ക് 8000 –10,000 രൂപ വരെയാണ് നിരക്ക്. നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് 5 പ്രതിദിന വിമാന സർവീസുകളുണ്ട്.
സാധാരണ ദിവസങ്ങളിൽ ഈ റൂട്ടിൽ 3500– 5500 രൂപയാണ് നിരക്കു വരുന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് സാധാരണ ദിവസങ്ങളിൽ 3000– 4000 രൂപ വരുന്ന സ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ 4 നു 3000 –5500 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പ്രതിദിനം 4 വിമാന സർവീസുകളുണ്ട്. കണ്ണൂരിലേക്ക് സാധാരണ ദിവസങ്ങളിൽ 2600– 5000 രൂപ വരുന്ന സ്ഥാനത്ത് സെപ്റ്റംബർ 4 നു 4000– 11000 രൂപ വരെയാണ് നിരക്ക്.
പ്രതിദിനം 3 സർവീസുകളാണ് കണ്ണൂരിലേക്കുള്ളത്. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സാധാരണ നിരക്കിൽ യാത്ര ചെയ്യാനാകും.
അതേസമയം, സ്വകാര്യ ബസ്സുകളും നിരക്ക് കുത്തനെ ഉയർത്തിയതിനാൽ വിമാനത്തിൽ പോകുന്നതിൽ നഷ്ടമില്ലെന്ന് കരുതുന്നവരുണ്ട്.
കൊച്ചിയിലേക്കുള്ള സ്വകാര്യ ബസ്സുകളിൽ സെപ്റ്റംബർ 3, 4 തിയതികളിൽ 2000-5000 രൂപയാണ് നിരക്ക്. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് കൂടി വരും.
അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് 3 സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവയിലെല്ലാം ടിക്കറ്റുകൾ തീർന്നു. കേരള, കർണാടക ആർടിസികളുടെ പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക സർവീസുകളിലാണ് യാത്രക്കാരുടെ പ്രതീക്ഷ.
അമിത നിരക്ക് കാരണം സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും നിരക്ക് ഷെയർ ചെയ്ത് യാത്ര പോകുന്നവരും ഒട്ടേറെയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]