
ഫ്ലോറിഡയിലെ അറ്റ്ലാന്റിക് ബീച്ച് കടൽത്തീരത്ത് നടന്ന ഒരു ഹൃദയഭേദക സംഭവത്തിൽ 23 കടലാമ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. ഓഗസ്റ്റ് 21-നാണ് സംഭവം.
വിരിഞ്ഞ് വെറും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ബീച്ചസ് സീ ടർട്ടിൽ പട്രോൾ സംഘമാണ് ആദ്യം ഈ കാഴ്ച കണ്ടത്. തെരുവുനായ ആക്രമണത്തിലാവാം ഇവ കൊല്ലപ്പെട്ടതെന്നാണ് അധികൃതരുടെ അനുമാനം.
കടലാമകളുടെ കുഞ്ഞുങ്ങളിൽ ആയിരത്തിൽ ഒന്ന് മാത്രമാണ് സാധാരണയായി പ്രായപൂർത്തിയാകുന്നത്. അതുകൊണ്ട് തന്നെ ഈ നഷ്ടം സംരക്ഷണ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാണെന്ന് വിദഗ്ധർ പറയുന്നു.
ഫ്ലോറിഡയിൽ മുട്ടയിടുന്ന അഞ്ച് കടലാമ വർഗങ്ങൾ — ലോഗർഹെഡ്, ഗ്രീൻ, ലെതർബാക്ക്, കാമ്പ്സ് റിഡ്ലി, ഹോക്സ്ബിൽ – എല്ലാം തന്നെ യുഎസ് ഫെഡറൽ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇതാദ്യമായല്ല ഇത്തരത്തിൽ നായ്ക്കളുടെ ആക്രമണത്തിൽ കടലാമകൾ കൊല്ലപ്പെടുന്നത്.
ഏതാനും ആഴ്ചകൾക്ക് മുൻപ് പോണ്ടെ വെദ്ര ബീച്ചിൽ ഒരു നായ ആമകളുടെ മുട്ടകൾ തകർത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെന്നും അധികൃതർ പറഞ്ഞു. അതിനെ തുടർന്ന് ശേഷിച്ചിരുന്ന മുട്ടകളെ സംരക്ഷിക്കാനായി പ്രദേശത്ത് സംരക്ഷണ വലയങ്ങൾ സ്ഥാപിച്ചിരുന്നു.
നായ്ക്കളുടെ ആക്രമണം തുടർച്ചയായതോടെ കർശന സുരക്ഷാ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബീച്ചിൽ നായ്ക്കളുമായി എത്തുന്നവർ നായ്ക്കളെ ഒരു കാരണ വശാലും അലക്ഷ്യമായി അലയാൻ വിടരുതെന്ന് അധികൃതർ അറിയിപ്പ് നല്കി.
അലഞ്ഞ് നടക്കുന്ന നായ്ക്കൾ കടലാമകൾ ഉൾപ്പെടെയുള്ള ജീവികൾക്ക് വലിയ ഭീഷണി ആണെന്നും ഇത്തരം നായകളെ കണ്ടാൽ ഉടൻ അധികാരികളെ അറിയിക്കാനും ചിത്രങ്ങൾ കൈമാറാനും അധികൃതർ നിർദേശം നല്കി. കടലാമകൾ സമുദ്രത്തിന്റെ ആരോഗ്യത്തിനും തീരങ്ങളുടെ സുരക്ഷയ്ക്കും പ്രധാനമാണ്.
കടലാമകൾ ജെല്ലിഫിഷ് പോലുള്ള ജീവികളെ ഭക്ഷിച്ച് അവയുടെ അനിയന്ത്രിത വളർച്ചയെ നിയന്ത്രിക്കുന്നു. ജെല്ലി ഫിഷുകളുടെ അനിയന്ത്രിതമായ വളർച്ച മത്സ്യബന്ധനത്തെയും സമുദ്രജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു.
എന്നാല്‍ ഇന്ന് കടലാമകൾ വംശനാശ ഭീഷണിയിലാണ്. അതിനാൽ കടലാമകളെ സംരക്ഷിക്കുന്നത് പ്രകൃതിയെയും മനുഷ്യരുടെ ഭാവിയെയും കാക്കുന്നതിന് അത്യാവശ്യമാണെന്നും മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനും അത്യന്താപേക്ഷമാണെന്നും പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]