
ആചാരപെരുമയും ഐതിഹസ്യ സമ്പന്നതയും ആവോളമുള്ള തിരുവില്വാമല ഗ്രാമത്തിന്റെയും വില്വാദ്രി ക്ഷേത്രത്തിന്റെയും പെരുമയില്‍ പൊന്‍തൂവലായ മാറിയ ഒരു ജീവിയുണ്ട് ആ ഗ്രാമത്തില്‍. വില്വാദ്രിനാഥന്റെ സ്വന്തം ഗോക്കള്‍ എറിയപ്പെടുന്ന, ക്ഷേത്രത്തോട് ചെര്‍ന്ന് തന്നെ ജീവനം നടത്തുന്നതുമായ വില്വാമലയിലെ തനതിനം വില്വാദ്രി പശുക്കള്‍.
വില്വാദ്രി പശുക്കള്‍ വെച്ചൂര്‍ പശു, ചെറുവള്ളിപശു, കാസര്‍ഗോഡന്‍ കുള്ളന്‍,വടകര കുള്ളന്‍, വയനാടന്‍ കുള്ളന്‍ പശുക്കള്‍, അനന്മല പശുക്കള്‍, കുട്ടമ്പുഴ പശുക്കള്‍ തുടങ്ങിയ കേരളത്തിലെ മറ്റ് തനതു പശുക്കളുമായി, ആകാരത്തിലും പാലുല്പാദനത്തിലും പാലുല്പന്നങ്ങലുടെ മേന്മയിലുമെല്ലാം ഏറെ സമാനതകളുള്ളവയാണ് വില്വാദ്രി പശുക്കള്‍. പാറകെട്ടുകള്‍ നിറഞ്ഞ് ഇടതൂര്‍ന്ന മലനിരകള്‍, ഭാരതപുഴ തുടങ്ങിയ വൈവിധ്യങ്ങളാര്‍ന്ന ജൈവ പരിസ്ഥിതി വ്യൂഹങ്ങളുമായി ചുറ്റുപിണഞ്ഞ് രൂപപ്പെട്ട
സ്വഭാവ സവിശേഷതകളും, ശാരീരിക പ്രത്യേകതളുമാണ് വില്വാദ്രി പശുക്കളെ മറ്റിനങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഏത് പ്രതികൂല കാലാവസ്ഥയേയും പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ശരീരവും പ്രതിരോധ ശേഷിയും, കായികാരോഗ്യവും നാല്പതില്പരം വര്‍ഷങ്ങള്‍ നീണ്ട് നില്ക്കുന്ന ദീര്‍ഘായുസ്സും, പ്രത്യുല്പാദനക്ഷമതയും വില്വാദ്രി പശുക്കളുടെ പ്രത്യേകതകളാണ്.
രണ്ടോ മൂന്നോ വില്വാദ്രി പശുക്കളില്ലാത്ത ഒരു വീടുപോലും ഒരുകാലത്ത് തിരുവില്വമല ഗ്രാമത്തില്‍ ഉണ്ടായിരുന്നില്ലത്രേ. ആയിരത്തിലധികം പശുക്കള്‍ വില്വാദ്രി കുന്നില്‍ മാത്രം ഒരുകാലത്ത് മേഞ്ഞുനടന്നിരുന്നതായി വില്വാദ്രിയിലെ പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു.
തിരുവില്വാമല പ്രദേശത്ത് നൂറ്റാണ്ടുകളായി ഈയിനം പശുക്കള്‍ ഉണ്ടെന്നും പശുക്കളുടെ പാരമ്പര്യത്തിനും പഴക്കത്തിനും ക്ഷേത്രങ്ങളോളം തന്നെ പഴമയുണ്ടെന്നും തദ്ദേശവാസികളായമുന്തലമുറക്കാര് സാക്ഷ്യപ്പെടുത്തുന്നു. പേരുംപെരുമയും ഏറെയുണ്ടെങ്കിലും വില്വാദ്രി പശുക്കള്‍ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്.
തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ വില്വാദ്രി, തിരുവില്വാമല, പാമ്പാടി, ഐവര്‍മഠം, ലക്കിടി, അക്കപറമ്പ്, കുത്താമ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കേവലം മുന്നൂറില്‍ താഴെ മാത്രം തനതു പശുക്കളാണ് ഇന്ന് ഇനി ബാക്കിയുള്ളത്. ഗ്രാമത്തിൽ ബാക്കിയായ പശുക്കൾ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കുറെ പശുക്കള്‍ ഇന്നും ആ ഗ്രാമത്തിലുണ്ട്.
പ്രതികൂല കാലാവസ്ഥയില്‍പോലും ഇവയുടെ വംശവര്‍ധനവ് നടത്തി തങ്ങളുടെ തലമുറയെ നിലനിര്‍ത്തുന്നു നൂറോളംവരുന്ന പശുക്കല്‍ കൂട്ടമായി പാറകള്‍ നിറഞ്ഞ വില്വാദ്രിയുടെ മാറിലും നിളയോരത്തും മേഞ്ഞുനടക്കുന്നത് തിരുവില്വാമലയിലെ നിത്യകാഴ്ചയാണിന്നും. കഠിനമായ ചൂടിനെ അതിജീവിക്കാൻ പശുക്കൾക്ക് കഴിവുണ്ട്.
കറുപ്പ് നിറമുള്ളവയാണ് മിക്ക പശുക്കളെങ്കിലും വെളുപ്പ്, ചാരനിറം തുടങ്ങി നാലോളം വ്യത്യസ്ത നിറങ്ങളിലും പശുക്കളെ കാണാം. നീളമുള്ളതും ഭംഗിയാര്‍ന്നതും വിസ്താരം കുറഞ്ഞതുമായ മുഖവും, വലിയ നാസാദ്വാരങ്ങലും ഉറപ്പുള്ള കീഴ്ത്താടിയും പ്രകാശിക്കുന്ന കറുകറുത്ത കണ്ണുകളും കുഴിഞ്ഞ് വിസ്താരം കുറഞ്ഞ കീഴ്നെറ്റിയും വശങ്ങളിലേക്ക് നീണ്ട
ചെറു ചെവികളും ലക്ഷണമൊത്ത വില്വാദ്രി പശുവിന്റെ ശരീരസവിശേഷതകളാണ്. വില്വാദ്രി പശുക്കളുടെ ശരാശരി ആയുക്ക് 30 വയസ്സിന് മുകളിലാണെന്ന് കര്‍ഷകര്‍ പറയുന്നു.
ആണ്ടുതോറും പ്രസവിക്കാനും ആയുസ്സില്‍ ഏറെകാലം പ്രത്യല്പാദനക്ഷമത നിലനിര്‍ത്താനുമുള്ള ശേഷിയും വില്വാദ്രി പശുവിനുണ്ട്. തമിഴ്നാട്ടിലെ ആണ്ടുകണ്ണി വിഭാഗത്തില്‍പ്പെട്ട, വര്‍ഷംതോറും പ്രസവിക്കുന്ന പശുക്കളുടെ ഗണത്തില്‍ വില്വാദ്രി പശുക്കളെയും ഉള്‍പ്പെടുത്താം എന്നാണ് പരമ്പരാഗത കര്‍ഷകരുടെ പക്ഷം.
പാലുല്പാദനം പരമാവധി മൂന്ന് ലിറ്റര്‍വരെ മാത്രമാണെങ്കിലും പാല് അതിന്റെ ജൈവഗുണത്തിലും ഔഷധഗുണങ്ങളിലും മേന്മയിലും ഒന്നാമതാണ്. തനത് രുചിയും ഗുണവും മണവും കൊഴുപ്പുമുള്ള പാല്, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ ഉല്പന്നങ്ങളും പകരംവെക്കാനാകാത്ത അമൂല്യ പോഷക സ്രോതസ്സുകളാണെന്ന് കര്‍ഷര്‍ പറയുന്നു.
വില്വാദ്രി ക്ഷേത്രത്തിലെ ദൈനംദിന പൂജകള്‍ക്കും, കര്‍മ്മങ്ങള്‍ക്കും വിശേഷാവസരങ്ങളിലുമെല്ലാം ഉപയോഗപ്പെടുത്തുന്നതും വില്വാദ്രി പശുവില്‍നിന്നുള്ള ഉല്പന്നങ്ങള്തന്നെയാണ്. ഐവര്‍മഠം ശ്മശാനത്തില്‍ നടക്കുന്ന സംസ്കാര ക്രിയകള്‍ക്കായി ഉപയോഗിക്കുന്നത് ഗോശാലയില്‍നിന്നുള്ള വില്വാദ്രി പശുവിന്റെ പാലും നെയ്യുമാണ്.
രമേശ് കോരപ്പത്ത് വില്വാദ്രി പശുക്കളുടെ വംശരക്ഷകന് തനിക്കുണ്ടായിരുന്ന അത്യുല്പാദനശേഷിയുള്ള സങ്കരയിനം പശുക്കളെയെല്ലാം വിറ്റൊഴിവാക്കിയാണ് തിരുവില്വാമലയിലെ രമേശന് എന്ന കര്ഷകന് നാടന്‍ പശുക്കളുടെ സംരക്ഷണത്തിലേക്ക് തിരിയുന്നത്. തന്റെ നാടിന്റെ പൈതൃക സമ്പത്തായ വില്വാദ്രി പശുക്കളുടെ സംരക്ഷണം, താനടക്കമുള്ള സമൂഹത്തിന്റെ കടമയാണെന്ന തിരിച്ചറിവായിരുന്നു,അദ്ദേഹത്തെ നാടന്‍ പശുക്കളുടെ സംരക്ഷണ വഴികളില്‍ എത്തിച്ചത്.
നാട്ടിലെ കര്‍ഷകര്‍ വിറ്റൊഴിവാക്കുന്ന പശുക്കളെ വാങ്ങിയും ശുദ്ധജനുസ്സുകളെ കണ്ടെത്തിയും ഐവര്മഠത്തോട് ചേര്‍ന്ന് വില്വാദ്രി പശുക്കള്‍ക്ക് മാത്രമായി ഒരു ഗോശാല അദ്ദേഹം പണികഴിപ്പിച്ചു. വില്വാദ്രി പശുക്കളെ കര്‍ഷകരുടെ ഭവനങ്ങളില്‍നിന്നും ചെറിയ വിലയില്‍ ഇടനിലക്കാര്‍ കച്ചവടമാക്കി അറവുശാലകളിലേക്ക് കൊണ്ടുപോകുന്ന യാത്രക്കിടയില്‍പോലും നിരവധി വില്വാദ്രി പശുക്കളെ അദ്ദേഹം വാങ്ങി സംരക്ഷിച്ചിട്ടുണ്ട്.
കര്‍ഷകരില്‍നിന്നും ദല്ലാള്‍മാര്‍ നല്കുന്നതിനേക്കാള് മികച്ച വില നല്‍കിയാണ് പല പശുക്കളെയും ശേഖരിക്കുന്നത്. ഐവര്‍മഠത്തിലേക്ക് ദാനമായി ലഭിക്കുന്ന പശുക്കളെയും ഗോശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വില്വാദ്രി പശുക്കളുടെ ഗോശാല ഇന്ന് ഒരു ദശാബ്ദത്തിലധികം പിന്നിടുമ്പോള്‍ പ്രായമേറിയതും കുറഞ്ഞതും ചെറുതും വലുതുമായി 80 ഓളം പശുക്കളുണ്ട്. പരിപാലനത്തിനായി മികച്ച തൊഴുത്തുകളും ജോലിക്കാരുമെല്ലാം സജ്ജമാണ്.
തിരുവില്വാമല ഐവര്‍മഠത്തിന് സമീപം ചാരിറ്റബിള്‍ ട്രസ്റ്റ് കെട്ടിടത്തോട് ചേര്‍ന്നാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. ഐവര്‍മഠം കോരപ്പത്ത് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമാണ് അദ്ദേഹം.
വില്വാദ്രി പശുക്കളുടെ വംശസംരക്ഷണത്തിനായി നടത്തിയ സമാനതകളില്ലാത്ത ശ്രമങ്ങളെ മാനിച്ച് ദേശീയതലത്തില്‍ നല്കുന്ന ബ്രിഡ് സേവ്യര്‍ പുരസ്കാരം 2018-0ല്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. തന്റെ നാടിന്റെ ഗതകാല പ്രൗഡിയും കൊടിയടയാളവുമായ വില്വാദ്രി പശുക്കളുടെ നാശംതന്റെ നാടിന്റെയും സംസ്കാരത്തിന്റെയും തന്നെ തീരാനഷ്ടമായിരിക്കുമെന്ന് ഈ കര്ഷകന് ഉറച്ചുവിശ്വസിക്കുന്നു.
ക്ഷേത്രവും ഐതിഹ്യവും നിളാ നദിയുടെ തിരുവില്വാമലക്കരയില്‍, സമുദ്രനിരപ്പില്‍നിന്നും നൂറ് അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വില്വാദ്രിനാഥ ക്ഷേത്രം ഇന്ത്യയിലെ പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളില്‍ ഒന്നാണ്.
ഇന്ത്യയിലെത്തന്നെ അപൂര്‍വങ്ങളായ ലക്ഷ്മണ ക്ഷേത്രങ്ങളില്‍ ഒന്നാണെന്ന പ്രത്യേകതും വില്വാദ്രിനാഥ ക്ഷേത്രത്തിനുണ്ട്.നക്ഷേത്രത്തില് നടന്നുവരാറുള്ള പുനര്‍ജനി നൂഴലും കുംഭമാസത്തിലെ ഏകാദശി ഉത്സവവും കന്നിമാസത്തിലെ നിറമാല മഹോത്സവവും മീനത്തിലെ ശ്രീരാമനവമിയുടമൊക്കെ ഏറെ കേളികേട്ടതാണ്. വൃശ്ചികമാസത്തിലെ ഗുരു ഏകാദശി നാളില്‍ അഥവാ വെളുത്തപക്ഷ ഏകാദശിനാളില്‍ ക്ഷേത്ര പരിസരത്തെ നൂറ്റയമ്പത് മീറ്ററോളം നീളമുള്ള പുനര്‍ജനി ഗുഹ നൂഴ്ന്നിറങ്ങി പുനജന്മപുണ്യ നേടാനെത്തുന്നത് നൂറുകണക്കിനാളുകളാണ്.
ക്ഷേത്രിയ നിഗ്രഹം പൂര്‍ത്തിയാക്കിയ ശ്രീപരശുരാമന്റെ അഭ്യര്‍ഥനപ്രകാരം ദേവശില്പിയായ വിശ്വകര്‍മാവ് പണികഴിപ്പിച്ചതാണ് തിരുവില്വാമലയിലെ പുനര്‍ജനി ഗുഹ എന്നാണ് വിശ്വാസം. കുരുക്ഷേത്ര യുദ്ധത്തില്‍ കൊല്ലപ്പെട്ട
തങ്ങളുടെ ബന്ധുമിത്രാദികളുടെ മോക്ഷപ്രാപ്തിക്കായി ഭഗവാന് കൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം പഞ്ചപാണ്ഡവന്മാര് ബലിയര്‍പ്പണം നടത്താനെത്തിച്ചേര്‍ന്നെന്ന് വിശ്വസിക്കപ്പെടുന്ന നിളയോരത്തെ ഭാരതഖണ്ഡം എന്നറിയപ്പെടുന്ന പ്രദേശവും ഐവര്‍മഠം ക്ഷേത്രവും (ഐവര്‍ എന്നാല്‍ അഞ്ചുപേര്‍-പഞ്ചപാണ്ഡവന്മാര് പ്രതിഷ്ഠ നടത്തിയത് എന്ന് അനുമാനം) തിരുവില്വാമലയിലാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ക്രിയകള്‍ക്കും, പാപമുക്തിയും കാംക്ഷിച്ചുകൊണ്ട് ഇന്നും പ്രതിദിനം നൂറുണക്കിനാളുകളാണ് തിരുവില്വാമലയിലെ ഐവര്മഠത്തിനടുത്ത ശ്മശാനഭൂമിയില്‍ എത്തിച്ചേരുന്നത്.
ചുടമലഭദ്രകാളി തെയ്യവും പൊട്ടന് തെയ്യവും ശ്മശാനത്തില്‍ ഒരുക്കിയ ചുടലയില്‍ കെട്ടിയാടുന്ന സുപ്രസിദ്ധമായ കളിയാട്ട മഹോത്സവവും നടക്കുന്ന ഇടവും തിരുവില്വാമലതന്നെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]