കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ താല്‍ക്കാലിക പുനരധിവാസം വൈകുന്നുവെന്ന് പരാതിയിൽ വിശദീകരണവുമായി റവന്യു മന്ത്രി കെ രാജൻ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും സമ്മതിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കാനായി നേരത്തെ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇക്കഴിഞ്ഞ 14നുശേഷം വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയത് നേരത്തെ പറഞ്ഞതാണെന്നും ഇപ്പോള്‍ സംസാരിക്കു്നത് ചില തെറ്റിദ്ധാരണ ഒഴിവാക്കാനാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഇത്ര വലിയ ദുരന്തം ലോകത്ത് തന്നെ അപൂര്‍വമാണ്. സര്‍ക്കാരിന് കൃത്യമായ മുൻഗണന തുടക്കം മുതല്‍ ഉണ്ടായിരുന്നു.
നിലവില്‍ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള്‍ മാത്രാണ് കഴിയുന്നത്. 19 കുടുംബങ്ങള്‍ കൂടി നാളെ ക്യാമ്പുകളില്‍ നിന്ന് മാറും. രണ്ട് കുടുംബങ്ങള്‍ കൂടി പഞ്ചായത്ത് ക്വാര്‍ട്ടേഴ്സ് ശരിയായാൽ മാറും. 14 കുടുംബങ്ങള്‍ക്ക് കൂടി മാറാനുള്ള സൗകര്യം ഉടൻ ഒരുക്കും. താല്‍ക്കാലിക പുനരധിവാസം വൈകുന്നില്ല. ഈ മാസം 27,28ഓടെ എല്ലാവരുടെയും പുനരധിവാസം പൂര്‍ത്തിയാകും. ക്യാമ്പിൽ നിന്ന് താല്‍ക്കാലിക പുനരധിവാസത്തെ തുടര്‍ന്ന് പോയവര്‍ക്ക് ആവശ്യങ്ങള്‍ അറിയിക്കാൻ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ മേഖലയില്‍ പഠനം നടത്തി രണ്ട് റിപ്പോര്‍ട്ടുകളാണ് ജോണ്‍ മത്തായി സമിതി സമര്‍പ്പിച്ചിട്ടുള്ളത്.
മേല്‍ സമിതി റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 119 പേരാണ് കാണാതായവരുടെ പട്ടികയിലുള്ളത്. ദുരന്തത്തിൽ 17 കുടുംബങ്ങളില്‍ ആരുമില്ലാതെ എല്ലാവരും മരിച്ചു. 17 കുടുംബങ്ങളിലായുള്ള 62 പേരാണ് മരിച്ചത്. ദുരന്ത ബാധിതരുടെ സ്ഥിരമായ പുനരധിവാസത്തിന് പത്ത് സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. എള്ലാവരെയും വിശ്വാസത്തിലെടുത്ത് പുനരധിവാസം പൂര്‍ത്തിയാക്കും. സര്‍വകക്ഷിയുമായും ആലോചിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്ര സഹായത്തിനുള്ള ദുരന്തം സംബന്ധിച്ച വിശദമായ മെമോറാണ്ടം തയ്യാറാണെന്നും ഈയാഴ്ച തന്നെ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു. സൂചിപ്പാറയിൽ സന്നദ്ധ പ്രവർത്തകരെ തെരച്ചിലിന് അനുവദിക്കാവുന്നതേ ഉള്ളുവെന്നും വേണ്ട ക്രമീകരണങ്ങൾ സുരക്ഷ പരിഗണിച്ച് കൊണ്ട് ഒരുക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
പുനരധിവാസത്തെ തുടര്‍ന്ന് ക്യാമ്പിൽ നിന്ന് മാറിയവര്‍ക്ക് ആവശ്യങ്ങള്‍ക്കായി വിളിക്കാനുള്ള ഫോണ്‍ നമ്പര്‍: 04936203456
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]